രാത്രിയില്‍ പഞ്ചായത്ത് അംഗം ഓഫീസിലെത്തി; എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം

കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താന്‍ ശ്രമമെന്ന് സി.പി.എം ആരോപണം.

Update: 2021-11-16 02:17 GMT
Editor : Suhail | By : Web Desk
Advertising

രാത്രിയില്‍ പഞ്ചായത്ത് അംഗം ഓഫീസിലെത്തിയതിനെച്ചൊല്ലി കോഴിക്കോട് പെരുവയല്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ് - യു.ഡി.എഫ് പോര്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ രാത്രിയിലെത്തിയ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഔദ്യോഗിക കാര്യങ്ങള്‍ക്കാണ് സ്ഥിരം സമിതി ചെയര്‍മാന്‍ പഞ്ചായത്ത് ഓഫീസിലെത്തിയതെന്ന് യു.ഡി.എഫ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പെരുവല്‍ പഞ്ചായത്തിലെ പ്രശ്നങ്ങളുടെ തുടക്കം. പഞ്ചായത്ത് ഓഫീസിലെത്തിയ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ ഷറഫുദ്ദീനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. അവധി ദിവസം രാത്രിയില്‍ പഞ്ചായത്ത് ഓഫീസിലെത്തിയതെന്തിനെന്നായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ചോദ്യം.

പിന്നീട് മറ്റു യു.ഡി.എഫ് അംഗങ്ങളും പഞ്ചായത്തിലെത്തിയതോടെ സംഘര്‍ഷാവസ്ഥയായി. പൊലീസെത്തി യു.ഡി.എഫ് അംഗങ്ങളോട് ഓഫീസില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.

കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താനായാണ് യു.ഡി.എഫ് അംഗം രാത്രിയില്‍ പഞ്ചായത്ത് ഓഫീസിലെത്തിയതെന്ന് സി.പി.എം ആരോപിച്ചു. പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കി.

പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഷറഫുദ്ദീന്‍ പഞ്ചായത്ത് ഓഫീസിലെത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പുറത്ത് സംഘടിച്ച എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകരെ നീക്കം ചെയ്യുന്നതിനിടെ പൊലീസ് ഹോട്ടലില്‍ അതിക്രമം നടത്തിയെന്നാരോപിച്ച് വ്യാപാരികള്‍ കുറ്റിക്കാട്ടൂരില്‍ ഹര്‍ത്താല്‍ നടത്തി.

Full View

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News