പന്തീരാങ്കാവ് യു.എ.പി.എ കേസ്: അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയില്‍
നിലവില്‍ താഹ ഫസല്‍ ജയിലിലാണ്. അലന്‍ ഷുഹൈബിന് മാത്രമാണ് ജാമ്യം അനുവദിച്ചിരുന്നത്
പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയില്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഒരാഴ്ച്ചക്കകം ഹരജി നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസല്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ വാദത്തിനിടെയാണ് അലന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ ഹരജി നല്‍കുമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയെ അറിയിച്ചത്.
നിലവില്‍ താഹ ഫസല്‍ ജയിലിലാണ്. അലന്‍ ഷുഹൈബിന് മാത്രമാണ് ജാമ്യം അനുവദിച്ചിരുന്നത്. അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കാന്‍ ഹരജി നല്‍കുമെന്ന് എന്‍.ഐ.എ നേരത്തെ അറിയിച്ചിരുന്നു. ഒരാഴ്ച്ചക്കകമായിരിക്കും എന്‍.ഐ.എ ഇതു സംബന്ധിച്ച ഹരജി നല്‍കുക. ഇതോടെ അലന്‍റെയും താഹയുടെയും ഹരജി ഒരുമിച്ചായിരിക്കും കോടതി പരിഗണിക്കുക. നിലവില്‍ ഇരുവര്‍ക്കുമെതിരെ കേസില്‍ തെളിവുകളുണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കേണ്ടതുണ്ടെന്ന വാദമാണ് എന്‍.ഐ.എ കോടതിയില്‍ ഉന്നയിച്ചത്. എന്‍.ഐ.എക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.പി രാജുവാണ് ഹാജരായത്. താഹ ഫസലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയും സുപ്രീം കോടതിയില്‍ ഹാജരായി. ഹരജി അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.