പാനൂർ സ്ഫോടനം; മേഖലയിൽ ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന
പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് പരിശോധന തുടരുന്നത്.
Update: 2024-04-07 02:44 GMT
കണ്ണൂർ: ബോംബ് സ്ഫോടനത്തിൽ സി.പി.എം അനുഭാവി കൊല്ലപ്പെട്ടതിന് പിന്നാലെ പാനൂർ മേഖലയിൽ ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് പരിശോധന തുടരുന്നത്.
ബോംബ് സ്ഫോടനത്തിൽ നിസാര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്നോത്ത് പറമ്പ് സ്വദേശികളായ വിനോദ്, അശ്വന്ത് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെ അറസ്റ്റിലായ നാല് പേരെ ഇന്ന് ഉച്ചയോടെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. സ്ഫോടന സമയത്ത് സ്ഥലത്ത് 10 പേരുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോംബ് നിർമാണത്തിന് പിന്നിലുള്ളവരെക്കുറിച്ചുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യു.ഡി.എഫ്.