പാനൂർ ബോംബ് സ്ഫോടനം; സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന
ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയത്.
തിരുവനന്തപുരം: പാനൂരിലെ ബോംബ് സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പരിശോധന നടത്താനൊരുങ്ങി പൊലീസ്. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കാനും ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ വ്യാപകമായി പരിശോധന നടത്താനുമാണ് നിർദേശം. ജില്ലാ പൊലീസ് മേധാവിമാർക്ക് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് നിർദേശം നൽകിയത്.
സ്ഫോടനക്കേസുകളിലെ അന്വേഷണത്തിൽ കേരളാ പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടെന്ന് എ.ഡി.ജി.പി ചൂണ്ടിക്കാട്ടി. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പാലിച്ചില്ല. പൊതുജന സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തെന്നും വിമർശനമുണ്ട്. ആവശ്യമെങ്കിൽ എൻ.എസ്.ജി സേവനം ആവശ്യപ്പെടണമെന്നും ഐ.ജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും അയച്ച എ.ഡി.ജി.പിയുടെ നിർദേശത്തിൽ പറയുന്നു.
അതേസമയം, കോഴിക്കോട് നാദാപുരം മേഖലയിൽ പൊലീസും കേന്ദ്ര സേനയുടെയും പരിശോധന നടത്തി. ലോക് സഭ തെരഞ്ഞെടുപ്പിൻ്റെയും പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൻ്റെയും പശ്ചാത്തലത്തിലാണ് തെരച്ചിൽ.
പാനൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് അറസ്റ്റിലായത്. ചെറുപറമ്പ് സ്വദേശി ഷെബിൻലാൽ, കുന്നോത്ത്പറമ്പ് സ്വദേശി കെ. അതുൽ, ചെണ്ടയാട് സ്വദേശി കെ.കെ അരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നുപേരും സ്‌ഫോടനം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൈവേലിക്കൽ സ്വദേശി സായൂജിനെയാണ് കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനത്തിന് ശേഷം ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രിയാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ബോംബ് സ്‌ഫോടനം നടക്കുമ്പോൾ എട്ട് പേരാണ് മനോഹരന്റെ വീട്ടിലുണ്ടായിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. സ്‌ഫോടനത്തിൽ മരിച്ച ഷെറിനും ഗുരുതരമായി പരിക്കേറ്റ വിനീഷുമാണ് ടെറസിന് മുകളിലുണ്ടായിരുന്നത്. മറ്റുള്ളവർ താഴെയായിരുന്നു നിന്നിരുന്നത്.