'ബോംബ് കൊണ്ടുനടന്നത് ആർഎസ്എസിനെ പ്രതിരോധിക്കാൻ, ആക്രമിക്കപ്പെട്ടപ്പോൾ നേതൃത്വം മൗനം പാലിച്ചു'- പാനൂർ സ്‌ഫോടനത്തിൽ കൈപ്പത്തിയറ്റ സിപിഎം പ്രവർത്തകൻ
ആർഎസ്എസ് പ്രവർത്തകരെ അവരുടെ നേതൃത്വം സംരക്ഷിക്കുന്നുവെന്നും വിനീഷ് ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
കണ്ണൂർ: പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി പാനൂർ കുന്നോത്തുപറമ്പ് ബോംബ് സ്ഫോടനത്തിൽ കൈപ്പത്തി നഷ്‌ടപ്പെട്ട സിപിഎം പ്രവർത്തകൻ. പ്രവർത്തകർ ആക്രമിക്കപ്പെട്ടപ്പോൾ പ്രാദേശിക സിപി എം നേതൃത്വം മൗനം പാലിച്ചെന്നും, ബോംബ് കൊണ്ടുനടന്നത് പ്രതിരോധത്തിന്റെ ഭാഗമായെന്നും വിനീഷ് പറഞ്ഞു. ആർഎസ്എസ് പ്രവർത്തകരെ അവരുടെ നേതൃത്വം സംരക്ഷിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പാനൂർ കുന്നോത്തുപറമ്പിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഷെറിൽ എന്ന യുവാവ് മരിച്ചിരുന്നു. വിനീഷിന്റെ രണ്ട് കൈപ്പത്തികളും ചിതറിത്തെറിച്ചു. സംഭവത്തിൽ പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
അന്ന് ഇവരെ പൂർണമായും തള്ളിപ്പറഞ്ഞുകൊണ്ടാണ് പാർട്ടി രംഗത്തെത്തിയത്. കുന്നോത്ത് പറമ്പിലെ സഖാക്കളെ ആർഎസ്എസ് തീറ്റിപോറ്റുന്ന സങ്കടങ്ങൾ ആക്രമിക്കുമ്പോൾ പ്രാദേശിക നേതൃത്വം മൗനം പാലിച്ചുവെന്നാണ് വിനീഷിന്റെ വിമർശനം. ആർഎസ്എസുകാർ പ്രതികൾക്ക് വേണ്ടി കൊളവല്ലൂർ സ്റ്റേഷനുമായി ബന്ധപ്പെട്ട് അവരെ ഇറക്കിക്കൊണ്ടുപോകുമ്പോൾ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം മൗനം അവലംബിക്കുകയാണ് ഉണ്ടായത്.
വർഗീയവാദികളുടെ കടന്നുകയറ്റത്തെ ചെറുക്കാൻ ആണ് ബോംബ് കൈവശം വെച്ചതെന്നും വിനീഷ് കുറിപ്പിൽ പറയുന്നു.