കോഴിക്കോട് കണ്ടെത്തിയ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്; വിദേശ ഫോണ്‍ കോളുകളുടെ കൈമാറ്റമെന്ന് പൊലീസ്
കുഴല്‍പണ ഇടപാടിനായി ഉപയോഗിച്ചോ എന്നതടക്കം അന്വേഷിക്കും.
കോഴിക്കോട് കണ്ടെത്തിയ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചിലൂടെ നടന്നത് വിദേശത്ത് നിന്നുള്ള ഫോണ്‍ കോളുകളുടെ കൈമാറ്റമെന്ന് പൊലീസ്. വിദേശത്ത് നിന്ന് നെറ്റ് മുഖേനയുള്ള ഫോണ്‍വിളി കുറഞ്ഞ നിരക്കില്‍ നടത്താമെന്നതാണ് ഇതിന്‍റെ നേട്ടം. കുഴല്‍പണ ഇടപാടിനായി ഉപയോഗിച്ചോ എന്നതടക്കം അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.
ഹുണ്ടി ഫോണ്‍ എന്ന പേരിലറിയപ്പെടുന്ന സമാന്തര ടെലഫോണ്‍ എക്സ്ചെയ്ഞ്ചാണ് ഇന്നലെ കോഴിക്കോട് പൊലീസും ഐ.ബി ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയത്. നാലു കെട്ടിടങ്ങളില്‍ നിന്നായി ഫോണ്‍ വിളിച്ച് ക്രമീകരിക്കാനുള്ള മോഡം, ഇന്‍വർട്ടറി ബാറ്ററി എന്നീ ഉപകരണങ്ങള്‍ പിടികൂടിയിരുന്നു. ചിന്താവളപ്പിലെ കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവർത്തനം. മറ്റു സ്ഥലങ്ങളില്‍ ഫോണ്‍ വിളി തിരിച്ചുവിടാനായി ഉപകരണങ്ങളും പ്രവർത്തനത്തിനായി പ്രത്യേക ആപ്ലിക്കേഷനും തയാറാക്കിയിരുന്നു.
ടെലികോം റെഗുലേറ്ററി അതോറ്റിയെ മറികടന്ന് നടത്തിയ പ്രവർത്തനമായതിനാലാണ് ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥർ കൂടി പരിശോധനയില്‍ പങ്കെടുത്തത്. ഈ എക്സ്ചേഞ്ച് വഴി വിളിച്ച ഫോണ്‍ നമ്പരുകള്‍ ഇന്‍റലിജന്‍സ് വിഭാഗം പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് കൊളത്തൂർ സ്വദേശി ജുറൈസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു.