കാശുള്ളവരുടെ മാത്രമല്ല കൂലിപ്പണിക്കാരുടെയും മക്കൾ യുക്രൈനിൽ പഠിക്കുന്നുണ്ട്, അവരുടെ സ്വപ്നങ്ങളിലേക്ക് കൂടിയാണ് യുദ്ധം കരിനിഴൽ വീഴ്ത്തിയത്...
ഡോക്ടർ ആകണമെന്നാഗ്രഹിച്ച് യുക്രൈയിനിലെത്തിയ നിരവധി സാധാരണക്കാരുടെ മക്കളുടെ സ്വപ്നങ്ങളിലേക്കാണ് യുദ്ധം കരിനിഴൽ വീഴ്ത്തിയത്
കാശുള്ളവരുടെ മക്കൾ മാത്രമല്ല കൂലിപ്പണി എടുക്കുന്ന സാധാരണക്കാരുടെയും മക്കൾ യുക്രൈനിൽ പഠിക്കുന്നുണ്ട്. ഡോക്ടർ ആകണമെന്നാഗ്രഹിച്ച് യുക്രൈയിനിലെത്തിയ നിരവധി സാധാരണക്കാരുടെ മക്കളുടെ സ്വപ്നങ്ങളിലേക്കാണ് യുദ്ധം കരിനിഴൽ വീഴ്ത്തിയത്. പാറമടയിൽ പണിയെടുക്കുന്ന സതീശന്‍റെയും പ്രേമയുടെയും രണ്ട് മക്കളാണ് യുദ്ധ ഭൂമിയിൽ കുടുങ്ങിയത്.
സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങൾ നടത്തുന്നവർക്ക് മുമ്പിൽ സമർപ്പിക്കുകയാണ് ഈ അമ്മയുടെ വാക്കുകൾ . കാശുള്ളവരുടെ മാത്രമല്ല കൂലിപ്പണി എടുക്കുന്ന ഇവരെ പോലുള്ള സാധാരണക്കാരുടെ മക്കളും യുക്രൈനിലുണ്ട്. ലോൺ എടുത്തും പലിശക്ക് പണം വാങ്ങിയും ആണ് മക്കളെ വിദേശത്തേക്ക് അയച്ചത്. എണ്ണിയാൽ തീരാത്ത പ്രാരാബ്ധങ്ങളുണ്ട് ഈ അമ്മക്ക് പറയാൻ.
വീടിനോട് ചേർന്നുള്ള പച്ചക്കറി കടയാണ് ഈ കുടുംബത്തിന്‍റെ ഏക ആശ്രയം. മുത്തമകൾ യുക്രൈനിൽ പഠനം പൂർത്തിയാക്കി നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നു. മറ്റ് രണ്ട് കുട്ടികളുടെ സ്വപ്നങ്ങൾക്ക് മുകളിലാണ് യുദ്ധം കരിനിഴൽ വീഴ്ത്തിയത്. യുക്രൈനിൽ നിന്നുള്ള റിപ്പോർട്ടുകൾ കൂടുംബത്തെ ആശങ്കപ്പെടുത്തിയെങ്കിലും മക്കൾ രണ്ട് പേരും വിളിച്ചതോടെ ആശ്വാസമായി. എത്രയും വേഗം നാട്ടിലേക്ക് മടങ്ങി എത്താനാകുമെന്ന് പ്രതീക്ഷയിലാണ് ഇവർ.