മീഡിയവണിന് സംപ്രേഷണ വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ വിമർശനവുമായി പാർലമെന്‍ററി സമിതി
ശശി തരൂർ ചെയർമാനായ കമ്മിറ്റിയാണ് മാധ്യമസ്വാതന്ത്ര്യത്തിനെതിരെ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്
മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും സംപ്രേഷണ വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പാർലമെന്‍ററി സമിതി. കമ്യൂണിക്കേഷൻ ആൻഡ് ഐ.ടി. പാർലമെന്‍റി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് പരാമർശം. ശശി തരൂർ ചെയർമാനായ കമ്മിറ്റിയാണ് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
വാർത്താ റിപ്പോർട്ടിങ്ങിലെ ധാർമികതയെ ആധാരമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് മാധ്യമ സ്വാതന്ത്രത്തെ ഇല്ലാതാക്കുന്ന നടപടിയെ നിശിതമായി വിമർശിക്കുന്നത്. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ 2020 മാർച്ച് ആറിനാണ് മീഡിയവണും ഏഷ്യാനെറ്റ് ന്യൂസും സംപ്രേഷണ വിലക്ക് നേരിട്ടത്. മതിയായ വിശദീകരണം നൽകാൻ ചാനലുകൾക്ക് അവസരം നൽകാതെയാണ് ഇത്തരം ഉയർന്ന ശിക്ഷ നൽകിയതെന്നും സമിതി വിലയിരുത്തി.
ചാനലുകൾക്ക് എതിരെ നടപടി എടുക്കാൻ മന്ത്രാലയം അനാവശ്യ തിടുക്കം കാട്ടിയെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മതിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ചാനലുകൾക്കെതിരെ നടപടിയെടുത്തത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കാതിരിക്കാൻ മന്ത്രാലയത്തിന്‍റെ തുടർനടപടികൾ സുതാര്യവും നിഷ്പക്ഷവുമായിരിക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശയുണ്ട്. കേബിൾ ടിവി നിയമത്തിൽ എന്താണ് രാജ്യദ്രോഹമെന്നത് കൃത്യമായ നിർവചനമില്ലെന്നു മന്ത്രാലയം സമ്മതിച്ചു.
2020 മാർച്ച് ആറിന് ഏഷ്യാനെറ്റ് ന്യൂസ് നിരുപധികം മാപ്പ് എഴുതി കൊടുത്തതിനാൽ വിലക്ക് പിൻവലിച്ചെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പത്ര -ദൃശ്യമാധ്യമങ്ങളിലെ പരാതികളും പ്രശ്നവും പരിഹരിക്കാൻ കാര്യക്ഷമമായ സംവിധാനം വേണം. മീഡിയ ഹെല്‍പ്‍ലൈന്‍, മീഡിയ കമ്മീഷൻ എന്നീ നിർദേശങ്ങളും സമിതി മുന്നോട്ട് വച്ചു.