വീണ വിജയനെ പാർട്ടി ന്യായീകരിച്ചിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ; ശ്രമിക്കുന്നത് മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ ചെറുക്കാൻ
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കം. ഹാജരാക്കേണ്ട രേഖകളൊക്കെ വീണാ വിജയൻ ഹാജരാക്കിക്കൊള്ളും.
തിരുവനന്തപുരം: വീണ വിജയനെ പാർട്ടി ന്യായീകരിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമങ്ങൾ എക്സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കം. മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ ചെറുക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പുകമറ സൃഷ്ടിച്ചാണ് ആക്രമണം. ഇതിന് മാധ്യമങ്ങളുൾപ്പെടെ കൂട്ടുനിൽക്കുന്നതായും എം.വി ഗോവിന്ദൻ ആരോപിച്ചു. എക്‌സാലോജിക്കിന്റെ പേരിൽ എങ്ങനെയാണ് മുഖ്യമന്ത്രിയെ കടന്നാക്രമിക്കാം എന്നാണ് വാർത്താമാധ്യമങ്ങളെല്ലാം നോക്കുന്നത്. ഇന്നൊരു പത്രത്തിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ തന്നെ വച്ച് പ്രസിദ്ധീകരിച്ചു. അതിൽ ആ ഫോട്ടോ മാത്രമാണ് വസ്തുതാപരം. എഴുതിയതൊന്നും സത്യമല്ല.
സിപിഎമ്മിനെയും സർക്കാരിനെയും രാഷ്ട്രീയമായി പരിഹസിക്കാനുള്ള ബോധപൂർവമായ നീക്കമാണ്. ആ കേസിനെ കുറിച്ച് താനൊന്നും പറയുന്നില്ല. ഇലക്ഷൻ വരുംവരെ ഇങ്ങനെയുള്ള നിരവധി കാര്യങ്ങൾ വന്നുകൊണ്ടേയിരിക്കും. കരുവന്നൂർ കേസിൽ രാഷ്ട്രീയ ഉദ്ദേശം വച്ച് ഒന്നാം പ്രതിയെ തന്നെ മാപ്പുസാക്ഷിയാക്കി മന്ത്രിക്കെതിരെ ആരോപണമുന്നയിപ്പിച്ചു. അത് മന്ത്രി തന്നെ തള്ളുകയും ചെയ്തിരുന്നല്ലോയെന്നും എം. വി ഗോവിന്ദൻ ചോദിച്ചു.
അതേസമയം, ബിനീഷ് കോടിയേരി വിഷയവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോട്, വീണയുടേയും ബിനീഷിന്റേയും രണ്ട് വിഷയങ്ങളാണ് എന്നായിരുന്നു മറുപടി. കമ്പനി രജിസ്ട്രാറുടെ റിപ്പോർട്ടിൽ വീണാ വിജയന്റെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതിനെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയാണ് എം.വി ഗോവിന്ദൻ ചെയ്തത്.
ഹാജരാക്കേണ്ട രേഖകളൊക്കെ ഹാജരാക്കുമെന്നു മാത്രമാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ വസ്തുതാപരമായിട്ടൊന്നുമില്ല. നിയമപരമായിട്ടാണ് വീണാ വിജയൻ എല്ലാം ചെയ്യുന്നത്. എന്നാൽ വീണയ്‌ക്കെതിരായ ആരോപണം പിന്നീട് മുഖ്യമന്ത്രിക്കെതിരായ ആക്രമണമായി മാറ്റിയതുകൊണ്ടാണ് പാർട്ടി പ്രതിരോധിക്കാൻ ശ്രമിച്ചത്. സർക്കാരിനെ ലക്ഷ്യം വച്ചുള്ള ആക്രമണത്തെയാണ് പാർട്ടി പ്രതിരോധിക്കുന്നത്.
സിഎംആർഎല്ലിന്റെ ഓഹരി 1995ലാണ് വാങ്ങിയത്. നിയമപരമായി ചെയ്തതിനെ പുകമറ സൃഷ്ടിച്ച് മുഖ്യമന്ത്രിയിലെത്തിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കം. കോൺഗ്രസിന്റെ നേതാക്കൾ കോടിക്കണക്കിന് രൂപ സിഎംആർഎല്ലിൽ നിന്ന് വാങ്ങി. പിണറായി വിജയൻ വാങ്ങിയിട്ടില്ലെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതും അന്വേഷിക്കട്ടെയെന്നും വീണ എന്തുകൊണ്ട് രേഖകൾ ഹാജരാക്കിയില്ലെന്ന് പിന്നീട് വ്യക്തമാക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. എന്ത് അന്വേഷണം നടത്തിയാലും തങ്ങൾക്ക് ഒന്നുമില്ലെന്നും വസ്തുതാപരമായ കാര്യങ്ങൾ മാത്രമാണ് സിപിഎം നിരത്തുന്നതെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.