പാർട്ടിയിലെ ഭിന്നത അധികാരത്തർക്കമല്ല; പ്രശ്‌നങ്ങൾ അടിസ്ഥാനപരം: എ.പി അബ്ദുൽ വഹാബ്

''കഷ്ടനഷ്ടങ്ങളും പ്രയാസങ്ങളും സഹിച്ച് പാർട്ടിയെ വളർത്തിയവർക്ക് ഇത് വേദനയുണ്ടാക്കും. പാർട്ടിയെ നിലനിർത്താൻ അവർ കടുത്ത നടപടികളിലേക്ക് തിരിയും. അലങ്കാര പദവികളിലിരുന്നവർക്കും പണി ചെയ്യാതെ വരമ്പത്തിരുന്ന് തമ്പ്രാൻ നടിച്ചവർക്കും കിട്ടുന്നതൊക്കെ ലാഭമായിരിക്കും, പാർട്ടിയിലല്ല പദവിയിലും അതിൻ്റെ പകിട്ടിലുമാണവരുടെ നോട്ടം, അവർ പുലമ്പും, അതാണ് പാർട്ടിയിൽ സംഭവിച്ചത്''

Update: 2022-02-21 13:52 GMT
Advertising

ഐ.എൻ.എല്ലിലെ ഭിന്നത അധികാരത്തർക്കമാണെന്നത് ചിലരുടെ തെറ്റിദ്ധാരണയാണെന്ന് എ.പി അബ്ദുൽ വഹാബ്. രാഷ്ട്രീയമെന്നാണ് അധികാരം മാത്രമാണെന്ന ധാരണ വേരുറച്ചത് കൊണ്ടും രാഷ്ട്രീയത്തെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടുമാണ് ഇത്തരം തെറ്റിദ്ധാരണയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മന്ത്രി പദവിക്കെന്ത് സംഭവിക്കുമെന്ന് ആരും ആശങ്കപ്പെടേണ്ടതില്ല. അത് ഇടത്പക്ഷ നേതൃത്വത്തിന്റെ സുചിന്തിത തീരുമാനങ്ങൾക്ക് വിധേയമാണ്. മന്ത്രിയോ അധികാരമോ അല്ല പാർട്ടിയാണ് വലുത്. ചുമതലാബോധമുള്ള ഒരു നല്ല മന്ത്രിയെ ജനമെന്നും സ്വീകരിക്കും. മറിച്ചായാൽ ജനം തള്ളും. മന്ത്രിമാർ പൊതു സമൂഹത്തിന്നവകാശപ്പെട്ടതാണെന്നത് കൊണ്ട് തന്നെ അവർ നിഷ്പക്ഷരാകണമെന്നതാണ് പൊതുജന താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പാർട്ടിയിലെ ഭിന്നത അധികാര തർക്കമാണെന്ന് കരുതുന്നവരുണ്ട്, അല്ലെന്ന് ആണയിട്ട് പറഞ്ഞാലും അവരത് വിശ്വസിക്കുകയില്ല. രാഷ്ട്രീയമെന്നാൽ അധികാരം മാത്രമാണെന്ന ധാരണ വേരുറച്ചത് കൊണ്ടു മാത്രമല്ല, രാഷ്ട്രീയത്തെക്കുറിച്ച് ധാരണയില്ലായ്മ കൊണ്ട് കൂടിയാണ് ഈ തെറ്റിദ്ധാരണ.

ഐ.എൻ.എല്ലിലെ പ്രശ്നങ്ങൾ അടിസ്ഥാനപരമാണ്, ആദർശ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇന്നോളം പാർട്ടിയുടെ പ്രയാണം. പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അതിജീവിച്ച് കൊണ്ടാണ് പാർട്ടി മുന്നോട്ട് പോയത്. പ്രത്യയശാസ്ത്ര നിലപാടുകളാണ് പാർട്ടിയെ ഇടത് പക്ഷത്തോടൊപ്പം ഉറപ്പിച്ച് നിർത്തിയത്, ഇടത്പക്ഷ സഖ്യത്തിൽ പാർട്ടിക്കെന്നും അഭിമാനമാണ്. വർഗ്ഗീയതയും സാമുദായികതയും സാമൂഹ്യ വിപത്താണെന്ന നിലപാട് തറയിലാണ് പാർട്ടി വേരുകൾ തേടിയത്. ഇടത്പക്ഷ മത നിരപേക്ഷത ബിജെപിയുടെ ഫാസിസത്തിനും, കോൺഗ്രസ്സിൻ്റെ വലത് പക്ഷ രാഷ്ട്രീയത്തിനും ബദലാണ്. മുസ്ലീംലീഗാവട്ടെ, സാമുദായികതയുടെ കെട്ട ജീർണ്ണാവസ്ഥയിലും. ഇടത്പക്ഷത്തോടൊപ്പം നിൽക്കുന്ന ഐഎൻഎൽ മുസ്ലിംലീഗിനും ന്യൂനപക്ഷ സാമൂഹികതയിലെ മറ്റെല്ലാ മത രാഷ്ട്രീയങ്ങൾക്കും തിരുത്താണ്, ചെറുതെങ്കിലും ശക്തമായ തിരുത്ത്.

എന്നിട്ടും ഇപ്പോൾ എന്ത് സംഭവിച്ചു എന്നതായിരിക്കും ചോദ്യം;

മുന്നണി പ്രവേശനം സാധ്യമാവുന്നു എന്ന് കണ്ടപ്പോൾ തിടുക്കത്തിൽ പാർട്ടിയിലേക്ക് കയറി വന്ന കുറച്ചാളുകൾ ജനാധിപത്യ വിരുദ്ധമായി, കവിഞ്ഞ കുതന്ത്രങ്ങളോടെ പാർട്ടിയെ പിടിയിലൊതുക്കാൻ ശ്രമിച്ചേടത്ത് നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ദയാവധം കാത്ത് നിൽക്കുന്ന ചെറുകക്ഷിയെന്ന് പാർട്ടിയെ പരിഹസിച്ചവർ പോലും അമരത്തിരുന്ന് പാർട്ടിയെ നയിക്കാൻ തുടങ്ങി. കച്ചവടം ഉറപ്പിച്ച് കൊണ്ടുള്ള ചിലരുടെ കടന്നുകയറ്റം പരിധികളും മര്യാദകളും വിട്ടപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.

കഷ്ടനഷ്ടങ്ങളും പ്രയാസങ്ങളും സഹിച്ച് പാർട്ടിയെ വളർത്തിയവർക്ക് ഇത് വേദനയുണ്ടാക്കും. പാർട്ടിയെ നിലനിർത്താൻ അവർ കടുത്ത നടപടികളിലേക്ക് തിരിയും. അലങ്കാര പദവികളിലിരുന്നവർക്കും പണി ചെയ്യാതെ വരമ്പത്തിരുന്ന് തമ്പ്രാൻ നടിച്ചവർക്കും കിട്ടുന്നതൊക്കെ ലാഭമായിരിക്കും, പാർട്ടിയിലല്ല പദവിയിലും അതിൻ്റെ പകിട്ടിലുമാണവരുടെ നോട്ടം, അവർ പുലമ്പും, അതാണ് പാർട്ടിയിൽ സംഭവിച്ചത്.

മന്ത്രി പദവിക്കെന്ത് സംഭവിക്കുമെന്ന് ആരും ആശങ്കപ്പെടേണ്ടതില്ല. അത് ഇടത്പക്ഷ നേതൃത്വത്തിൻ്റെ സുചിന്തിത തീരുമാനങ്ങൾക്ക് വിധേയമാണ്. മന്ത്രിയോ അധികാരമോ അല്ല പാർട്ടിയാണ് വലുത്. ചുമതലാബോധമുള്ള ഒരു നല്ല മന്ത്രിയെ ജനമെന്നും സ്വീകരിക്കും. മറിച്ചായാൽ ജനം തള്ളും. മന്ത്രിമാർ പൊതു സമൂഹത്തിന്നവകാശപ്പെട്ടതാണെന്നത് കൊണ്ട് തന്നെ അവർ നിഷ്പക്ഷരാകണമെന്നതാണ് പൊതുജന താൽപര്യം. അവർ ഗ്രൂപ്പ് മുതലാളിമാരാവരുത്, പാർട്ടിയും അങ്ങനെയാണാഗ്രഹിക്കുന്നത്. വീണ്ടുമുണർത്തട്ടെ, അധികാരത്തിൻ്റെ വീതം വെപ്പല്ല പാർട്ടിയിലെ പ്രശ്നം. അധികാരത്തെ ആത്യന്തിക ലക്ഷ്യമായി കാണുന്ന അവസര രാഷ്ട്രീയത്തോട് പാർട്ടി പ്രതികരിച്ചു, അത്ര തന്നെ.

ആത്യന്തികമായി സത്യം ജയിക്കും, പാർട്ടി ജയിക്കും.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News