പാസ്‌പോർട്ട് തട്ടിപ്പ് കേസ്: അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു
തുമ്പ പൊലീസ് രജിസ്റ്റർ ചെയ്ത 10 കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക
Update: 2024-07-18 07:53 GMT
കൊച്ചി: പൊലീസുകാരടക്കം പ്രതികളായ പാസ്‌പോർട്ട് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. തുമ്പ പൊലീസ് രജിസ്റ്റർ ചെയ്ത 10 കേസുകളാണ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. വ്യജ പാസ്‌പോർട്ട് ഉണ്ടാക്കാൻ പൊലീസുകാർ സഹായം ചെയ്തു എന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് നേരത്തേ ഉയർന്നുവന്നത്.
ഇതിനെ തുടർന്ന് പൂന്തുറ സ്റ്റേഷനിലെ പ്രവീൺ കുമാർ, അൻസിൽ അസീസ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ കൂടാതെ നിരവധി പൊലീസുകാർക്ക് വിഷയത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇത് വ്യക്തമാക്കുന്ന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊലീസ് മേധാവിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റത്തിൽ പങ്കുളളതായി കണ്ടെത്തിയ പൊലീസുകാർക്കെതിരെയുളള കൂടുതൽ നടപടികൾക്കാണ് ഇനി സാധ്യതയുള്ളത്.