'വർഗീയ കാർഡ് ഇറക്കിയവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം': പോൾ തേലക്കാട്
വർഗീയ വാദങ്ങളോട് തൃക്കാക്കരയിലെ ജനങ്ങൾ മുഖത്തിരിച്ചതിന്റെ നേർചിത്രമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി
കോട്ടയം: തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി സിറോ മലബാർ സഭ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്. രാഷ്ട്രീയ പാർട്ടികൾ മതത്തിൽ നിന്ന് അകലം പാലിക്കണം. സിപിഎമ്മിനും ബിജെപിക്കും തൃക്കാക്കരയിൽ വീഴ്ച പറ്റി. വർഗീയ കാർഡ് ഇറക്കിയവർക്കുള്ള മറുപടിയാണ് തെരെഞ്ഞെടുപ്പ് ഫലമെന്നും തൃക്കാക്കര ഫലം ജനാധിപത്യത്തിന്റെ നല്ല മാതൃകയാണെന്നും ഫാദർ തേലക്കാട് പറഞ്ഞു.
വർഗീയ വാദങ്ങളോട് തൃക്കാക്കരയിലെ ജനങ്ങൾ മുഖത്തിരിച്ചതിന്റെ നേർചിത്രമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികളിലേക്ക് രാഷ്ട്രീയം കയറരുതായിരുന്നു. ഈ കാര്യം സർക്കാരും പാർട്ടിയും ശ്രദ്ധിക്കണമായിരുന്നു. പാർട്ടികൾ സ്ഥാനാർഥിയെ നിർണയിക്കുമ്പോൾ വിവേകപരമായി പ്രവർത്തിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കണമെന്നും പോൾ തേലക്കാട് വ്യക്തമാക്കി.
എൽഡിഎഫ് സ്ഥാനാർഥിയായി ജോ ജോസഫിനെ തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി ഫാ. പോൾ തേലക്കാട് രംഗത്തെത്തിയിരുന്നു. സ്വന്തം കാര്യം നേടിയെടുക്കാൻ മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടാക്കുന്ന നേതാക്കൾ സീറോ മലബാർ സഭയിലുണ്ടെന്നായിരുന്നു സത്യദീപം എഡിറ്ററും സീറോ മലബാർ സഭ മുൻ വക്താവുമായ ഫാ.പോൾ തേലക്കാട് പറഞ്ഞത്.
ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന ആരോപണം വരാതിരിക്കാൻ കർദിനാൾ ജോർജ് ആലഞ്ചേരി ശ്രദ്ധിക്കണമായിരുന്നു. ഞങ്ങളിടപെട്ടില്ലെന്ന് പറഞ്ഞ് ജോർജ് ആലഞ്ചേരി വാർത്താക്കുറിപ്പിറക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പോൾ തേലക്കാട് പറഞ്ഞു.