പി.സി ജോർജ് ക്രൈസ്തവരുടെ ചാമ്പ്യനാകേണ്ട: ഓർത്തഡോക്‌സ് സഭ
"ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല"
കോട്ടയം: പി.സി ജോർജ് ക്രൈസ്തവ സമുദായത്തിന്റെ ചാമ്പ്യനാകേണ്ടെന്ന് ഓർത്തഡോക്‌സ് സഭ. ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നും ഓർത്തഡോക്‌സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.
'ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബി.ജെ.പിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ല.' - യൂഹാനോൻ മാർ മിലിത്തിയോസ് ചൂണ്ടിക്കാട്ടി.
നാർക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങൾ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കൾ ഉന്നയിക്കുന്നതിന് പിന്നിൽ അവരുടെ വ്യക്തി താത്പര്യമാണെന്നും തൃശ്ശൂർ ഭദ്രാസനാധിപൻ പറഞ്ഞു. വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ് പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, വിദ്വേഷക്കേസിൽ ജാമ്യത്തിലിറങ്ങിയ പി.സി ജോർജ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെത്തി. തന്നെ വർഗീയവാദിയാക്കി അറസ്റ്റു ചെയ്തതിനും തുടർന്നുള്ള നടപടിക്കും പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിമിനൽ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോർജ്. വെണ്ണല ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
''ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പൊലീസിന് എന്നെ പിടിക്കാനാകില്ല''
പിണറായി വിജയന് തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. പൊലീസ് നോട്ടീസ് തള്ളി തൃക്കാക്കരയിലെത്തിയപ്പോഴാണ് പി.സി ജോര്‍ജ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. ബി.ജെ.പിക്കായി പ്രചാരണം നടത്താനെത്തിയ പി.സി ജോര്‍ജ് പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് തന്‍റെ അറസ്റ്റിന് പിന്നിലെന്നും ആരോപിച്ചു.
പിണറായിയുടേത് സ്റ്റാലിനിസമാണെന്ന് പറഞ്ഞ പി.സി ജോര്‍ജ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ നിലപാടാണെന്ന് ആവര്‍ത്തിച്ചു. യു.ഡി.എഫിന്‍റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുന്നത് സതീശൻ ആയിരിക്കുമെന്നും കമ്മ്യൂണിസ്റ്റുകാർ പീഡിപ്പിക്കുന്നതു പോലെ ക്രിസ്ത്യാനികളെ ബി.ജെ.പി പിഡിപ്പിക്കുന്നില്ലെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
പൊലീസിനെ ഉപയോഗിച്ച് എന്നെ നിശ്ബദനാക്കാനാണ് പിണറായിയുടെ ശ്രമം. എന്നാല്‍ പിണറായി വിജയന് എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പോലീസിന് തന്നെ പിടിക്കാനാകില്ല. പി.സി ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രി എന്ന് എന്നെ കുടുക്കാൻ ശ്രമിച്ചോ അന്ന് മുതൽ അദ്ദേഹത്തിന്‍റെ കൗണ്ടൺ ആരംഭിച്ചു കഴിഞ്ഞു. മഹാരാജാസിലെ അഭിമന്യുവിനെ കൊന്നവർക്കെതിരെ ഇവിടെ യാതൊരു നടപടിയും ഉണ്ടായില്ല. കൂണുപോലെ മുളച്ച് പൊങ്ങിയ പാർട്ടികളുമായി പിണറായി വിജയന്‍ ധാരണയിലെത്തിയിട്ടുണ്ട്. ഞാന്‍ ആരെയും കൊന്നിട്ടില്ല, കലാപത്തിന് ആഹ്വാനം ചെയ്തിട്ടുമില്ല. സമുദായ വോട്ടുകൾക്ക് വേണ്ടിയുളള ശ്രമമാണ് എന്‍റെ അറസ്റ്റ്. ബ്രിട്ടീഷ് നിയമമാണ് ഇപ്പോള്‍ ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സുറിയാനി വീടുകളിൽ റോഷി അഗസ്റ്റിനും ലാറ്റിൻ വീടുകളിൽ ആന്‍റണി രാജുവും എസ്.എന്‍.ഡി.പി വീടുകളിൽ മണിയാശനും അടക്കമുള്ളവരാണ് വോട്ട് ചോദിച്ച് ചെല്ലുന്നത്.- ജോര്‍ജ് ആരോപിച്ചു.