മഅദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച യൂത്ത്‌ലീഗ് സെക്രട്ടറിയുടെ നടപടി ലീഗിന്റെ നിലപാടാണോയെന്ന് പി.ഡി.പി
പൊതു തെരഞ്ഞെടുപ്പ് വേളയിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും മഅദനിയെ സന്ദർശിച്ച് പി.ഡി.പി പിന്തുണ തേടുന്ന ലീഗ് നേതൃത്വം അക്കാര്യങ്ങൾ കവല പ്രാസംഗികർക്ക് പറഞ്ഞു കൊടുക്കണമെന്നു പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി
കോഴിക്കോട്: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസൽ ബാബുവിന്റെ നടപടി മുസ്‌ലിം ലീഗിന്റെ നിലപാടാണോയെന്ന് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വ്യക്തമാക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് തിക്കോടി ആവശ്യപ്പെട്ടു. രോഗിയായ പിതാവിനെ പോലും കാണാൻ അനുമതിയില്ലാതെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ഗുരുതരമായ രോഗങ്ങളാൽ ക്ലേശപ്പെട്ട് കഴിയുന്നയാളോടുള്ള പരിഹാസം സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും വാർത്താകുറിപ്പിൽ അദ്ദേഹം വിമർശിച്ചു.
പൊതു തെരഞ്ഞെടുപ്പ് വേളയിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും മഅദനിയെ സന്ദർശിച്ച് പി.ഡി.പി പിന്തുണ തേടുന്ന ലീഗ് നേതൃത്വം അക്കാര്യങ്ങൾ കവല പ്രാസംഗികർക്ക് പറഞ്ഞു കൊടുക്കണമെന്നും മൂന്ന് പതിറ്റാണ്ട് മുൻപ് മഅദനി മുന്നറിയിപ്പു നൽകിയതുപോലെ, ഫാഷിസം അതിന്റെ രൗദ്രഭാവങ്ങളോടെ ഉറഞ്ഞു തുള്ളുമ്പോൾ പോലും മഅദനിയുടേയും കുടുംബത്തിന്റെയും ചോരയും പച്ച മാംസവുമാണ് ലീഗിന് പഥ്യമെന്നത് പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അബ്ദുന്നാസിർ മഅദനിയേയും കുടുംബത്തേയും കുറിച്ച് അപവാദ പ്രചരണം തുടരാനാണ് ഭാവമെങ്കിൽ അവരെ തെരുവിൽ നേരിടാൻ പി.ഡി.പി നിർബന്ധിതരാകുമെന്നും നൗഷാദ് മുന്നറിയിപ്പു നൽകി.
അബ്ദുന്നാസിർ മഅദനി കാൽ നൂറ്റാണ്ടോളമായി തടവിൽ കഴിയുന്നത് ഫാഷിസത്തോട് സന്ധി ചെയ്യാൻ തയ്യാറല്ലാത്തതിനാലാണെന്നും കോയമ്പത്തൂർ ജയിലിൽ ഒൻപതര വർഷത്തിലധികം മഅദനി കിടന്നപ്പോഴും അദ്ദേഹം നിരപരാധിയാണെന്ന് ഭരണകൂടങ്ങൾക്ക് ബോധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെട്ടിച്ചമച്ച ബംഗളൂരു സ്‌ഫോടന കേസിലും മഅദനി നിരപരാധിയാണെന്ന് ഭരണകൂടത്തിന് ബോധ്യമുണ്ടെന്നും അതുകൊണ്ടാണ് വിചാരണ പരമാവധി വൈകിപ്പിച്ച് കേസ് നീട്ടിക്കൊണ്ടുപോകാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫാഷിസത്തിനെതിരെ ശബ്ദിക്കില്ലെന്ന ഉറപ്പു നൽകിയാൽ അദ്ദേഹത്തിന് പുറത്ത് വരാനാകുമെന്നും എന്നാൽ മരണം വരെ അതുണ്ടാകില്ലെന്നും നൗഷാദ് തിക്കോടി വ്യക്തമാക്കി. ബംഗളൂരുവിൽ 12 വർഷമായെന്നും നാല് വർഷമായി ബംഗളൂരു സിറ്റിയിൽ ജയിലിനു സമാനമായ രീതിയിൽ നാല് ചുമരുകൾക്കുള്ളിൽ ജുമുഅ നമസ്‌ക്കാരത്തിന് പോകാൻ പോലും അനുമതിയില്ലാതെ കഴിയുകയാണെന്നും പറഞ്ഞു.
മഅ്ദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച് യൂത്ത് ലീഗ് നേതാവ്
പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയേയും കുടുംബത്തേയും അധിക്ഷേപിച്ച് യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസൽ ബാബു. അബ്ദുല്‍ നാസര്‍ മഅ്ദനിയെയും ഭാര്യ സൂഫിയ മഅ്ദനിയെയും അധിക്ഷേപിച്ചാണ് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു രംഗത്തുവന്നത്. 'ബെംഗളുരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം, കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്‍റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയെന്നും ഫൈസല്‍ ബാബു പറഞ്ഞു. മലപ്പുറം ചെമ്മാട് വെച്ച് നടന്ന മുസ്‌ലിം ലീഗ് പൊതുസമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം.
സൂഫിയ മഅ്ദനി ലീഗിനെ തോല്‍പ്പിക്കാന്‍ കൈരളി ചാനലിലെ ടോക് ഷോയ്ക്ക് നിന്നുകൊടുത്തുവെന്നും, തന്‍റെ ഭര്‍ത്താവിന്‍റെ ദുര്യോഗത്തെ ലീഗിനെ ഫിനിഷ് ചെയ്യാന്‍ ഉപയോഗിക്കാമോ എന്നാണ് സഹധര്‍മ്മിണി പോലും ചിന്തിച്ചതെന്നും ഫൈസല്‍ ബാബു പ്രസംഗത്തില്‍ ആരോപിച്ചു.
യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബുവിന്‍റെ വാക്കുകള്‍:
ബെംഗളൂരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്‍റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയി.
ജോണ്‍ ബ്രിട്ടാസ് നീട്ടിക്കൊടുത്ത ബ്ലാങ്ക് ചെക്കിന്‍റെ കനത്തിനനുസരിച്ച് മുസ്‌ലിം ലീഗിനെ തോല്‍പ്പിക്കാന്‍ കൈരളി ചാനലിലെ ടോക് ഷോയ്ക്ക് നിന്നു കൊടുത്തു. തന്‍റെ ഭര്‍ത്താവിന്‍റെ ദുര്യോഗത്തെ ലീഗ് പാര്‍ട്ടിയെ ഫിനിഷ് ചെയ്യാന്‍ ഉപയോഗിക്കാമോ എന്നാണ് സഹധര്‍മ്മിണി പോലും ചിന്തിച്ചത്.
തിരൂരങ്ങാടി തെരുവിലൂടെ കരിമ്പൂച്ചകളുടെ അകമ്പടിയോടെ കടന്നുപോയ ജാഥ കണ്ടിട്ടുള്ളവരേ… ആ മനുഷ്യന്‍റെ ദയനീയ സ്ഥിതി ഈ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററില്‍ നിങ്ങള്‍ കാണുന്ന ചിത്രമില്ലേ അതുപോലെയാണ്. ഞങ്ങള്‍ സെലിബ്രേറ്റ് ചെയ്യുകയല്ല, അതിന് സമാനമായി ബെംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ കഴിയുകയാണ് ആ മനുഷ്യന്‍