പെൻഷൻ മുടങ്ങി; വണ്ടിപ്പെരിയാറിൽ തെരുവിൽ പ്രതിഷേധവുമായി 90-കാരി
പൊന്നമ്മയുടെ പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസമായി
ഇടുക്കി: വണ്ടിപ്പെരിയാറിൽ പെൻഷൻ മുടങ്ങിയതിൽ 90-കാരിയുടെ പ്രതിഷേധം. കറുപ്പ് പാലം സ്വദേശി പൊന്നമ്മയാണ് തെരുവിൽ പ്രതിഷേധിച്ചത്. പ്രതിപക്ഷ നേതാവ് ഇടപെട്ടതോടെ കോൺഗ്രസ് പ്രവർത്തകർ ഒരു മാസത്തെ പെൻഷൻ തുകയും ഭക്ഷ്യക്കിറ്റും കൈമാറി.
പൊന്നമ്മയുടെ പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസമായി. അടുപ്പ് പുകയാനുള്ള അവസാന വഴിയും അടഞ്ഞതോടെയാണ് കിടപ്പ് രോഗിയായ ഇവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വണ്ടിപ്പെരിയാർ പൊലീസെത്തിയാണ് പൊന്നമ്മയെ അനുനയിപ്പിച്ചത്. അയൽവാസികളുടെ കാരുണ്യത്തിലായിരുന്നു ഇതുവരെയുള്ള ജീവിതം. കൂലിപ്പണിക്കാരനായ മകൻ മായന് ആഴ്ചകളായി പണിയില്ല.
വിവരമറിഞ്ഞ പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ പൊന്നമ്മയെ ഫോണിൽ വിളിച്ചു സംസാരിച്ചു. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി. പിന്നാലെ കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തി ഒരുമാസത്തെ പെൻഷൻ തുകയും ഭക്ഷ്യ കിറ്റും കൈമാറി.