വില്ലുമല കോളനിക്കാർ പുലി ഭീതിയിൽ; പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്
വളർത്തുനായയെ പുലി കൊന്നുതിന്നു
കൊല്ലം കുളത്തുപ്പുഴ വില്ലുമല ആദിവാസി കോളനിയിലെ ജനങ്ങൾ പുലി ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രി കോളനിയിൽ എത്തിയ പുലി വളർത്തുനായയെ കൊന്നുതിന്നു. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.
മാവുവിളയിൽ ദേവകിയമ്മയുടെ വീട്ടിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ സമീപത്തെ മകന്റെ വീട്ടിലായിരുന്നു ദേവകിയമ്മ അന്തിയുറങ്ങിയിരുന്നത്. രാവിലെ സ്വന്തം വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ബന്ധിച്ചിരുന്ന ചങ്ങലയിൽ വളർത്തുനായയുടെ തലയും അവശിഷ്ടങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റ് ശരീരഭാഗങ്ങൾ പുലി ഭക്ഷണമാക്കിയിരുന്നു. നാട്ടുകാരേയും വനപാലകരേയും ദേവകിയമ്മ വിവരം അറിയിച്ചു. വനപാലകർ നടത്തിയ പരിശോധനയിലാണ് പുലിയുടെ സാന്നിധ്യം വ്യക്തമായത്.ഒന്നുരണ്ടുതവണ കരടി വന്നതൊഴിച്ച് കഴിഞ്ഞ 48 വർഷത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് ദേവകിയമ്മ പറഞ്ഞു. പ്രദേശത്ത് കൂട് സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സെക്ഷൻ ഫോറസ്റ്റർ ആർ.സജീവ് പറഞ്ഞു. തെന്മല വനം റേഞ്ചിൽ കല്ലുവരമ്പ് പ്രദേശത്താണ് പുലി ഭീഷണി നേരിടുന്നത്. പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.