അതിജീവിതര ചേർത്ത് പിടിച്ചോണം; ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ഓണാഘോഷമൊരുക്കി കുന്നമ്പറ്റ നിവാസികൾ
ഓണസദ്യയും പൂക്കളവും ഓണസമ്മാനവുമൊക്കെയായി കളറായിരുന്നു ആഘോഷം
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ഓണസദ്യയും ആഘോഷവുമൊരുക്കി മേപ്പാടി കുന്നമ്പറ്റ നിവാസികൾ. വാർഡ് മെമ്പർ അജ്മൽ സാജിദിന്റെയും കുടുംബശ്രീ പ്രവർത്തരുടെയും നേതൃത്വത്തിലായിരുന്നു വേറിട്ട ആഘോഷം.
ഓണസദ്യയും പൂക്കളവും ഓണസമ്മാനവുമൊക്കെയായി കളറായിരുന്നു ആഘോഷം. തങ്ങളുടെ നാട്ടിലേക്ക് അതിഥികളായെത്തിയ മുണ്ടക്കൈക്കാർക്കും ചൂരൽമലക്കാർക്കും ഓണ വിരുന്നൊരുക്കാൻ മെമ്പർ തീരുമാനിച്ചപ്പോൾ നാടൊന്നാകെ അതിന് കൂടെനിന്നു. കുന്നമ്പറ്റ വാർഡിൽ മാത്രം ദുരന്തബാധിതരായ 30 കുടുംബങ്ങൾക്കാണ് താൽക്കാലിക പുനരധിവാസമൊരുക്കിയത്. അറിയിപ്പ് ലഭിച്ചതോടെ തന്നെ ഓണാഘോഷത്തിന് എല്ലാവരും ഈ മുറ്റത്ത് ഒരുമിച്ചുകൂടി
ദുരന്തത്തോടെ സ്വപ്നങ്ങളെല്ലാം അറ്റുപോയെന്ന് കരുതിയവർക്ക് പുതിയ പ്രതീക്ഷയാവുകയായിരുന്നു ഈ കൂട്ടായ്മയും ഓണാഘോഷവും. ഉരുളെടുത്ത നാട്ടിലെ ഓണം ഒരു ഉൽസവമായിരുന്നു. അതിനി തിരികെ കിട്ടില്ലെന്നത് എല്ലാവരെയും സങ്കടപ്പെടുത്തുന്നുണ്ട്.
അതിജീവനത്തിന് കരുത്താകാൻ കൂട്ടായി തങ്ങളുണ്ടാകുമെന്ന ഒരു നാടിൻറെ ഉറപ്പായി മാറി ഓണാഘോഷ പരിപാടികൾ. ആൾ കേരള വുമൺ മസ്കറ്റ് അസോസിയേഷനും കമ്പളക്കാട്ടെ ആരോഗ്യ ആശുപ്രതിയും തങ്ങളുടെ നാട്ടിൽ അഭയം തേടിയ അതിഥികൾക്ക് ഓണസമ്മാനവും കൈമാറി.