പൊതുശ്മശാനത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം; ഭൂമി കണ്ടെത്തിയത് ജനവാസ മേഖലയിലെന്ന് ആരോപണം
പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
കൊല്ലം: ഏരൂരിൽ പൊതുശ്മശാനത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം. ജനവാസ മേഖലയിൽ ശ്മശാനം നിർമ്മിക്കാൻ പഞ്ചായത്ത് തീരുമാനിച്ചതോടെയാണ് നാട്ടുകാർ എതിർപ്പുമായി രംഗത്ത് വന്നത്.
ഏരൂർ പഞ്ചായത്തിലെ ഇളവറാംകുഴിയിലാണ് പുതിയ ശ്മശാനത്തിന് സ്ഥലം കണ്ടെത്തിയത്. എട്ടു വർഷമായി പൂട്ടികിടക്കുന്ന ക്വാറിയുടെ ഭൂമി പഞ്ചായത്ത് വാങ്ങിയാണ് ശ്മശാനം നിർമ്മിക്കുക. ജനവാസ മേഖലയിലാണ് ശ്മശാനം നിർമ്മിക്കാൻ കണ്ടെത്തിയ ഭൂമി ഉള്ളത്. ഇതോടെ പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
തീരുമാനം പിൻവലിക്കണമെന്നും പഞ്ചായത്തിൽ ജനവസമില്ലാത്ത വനത്തോട് ചേർന്നുള്ള പ്രദേശത്തേക്ക് ശ്മശാനം മാറ്റണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും സ്ഥലത്ത് പ്രതിക്ഷേധ പ്രകടനം നടത്തുകയും ചെയ്തു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.