'കടൽക്ഷോഭത്തിന് പരിഹാരം വേണം': കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ പ്രതിഷേധം; ജഡ്ജിയുടെ കാർ തടഞ്ഞു

ആവശ്യങ്ങൾ പരിശോധിച്ച് എത്രയും പെട്ടെന്ന് വേണ്ട തുടർനടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി.

Update: 2024-07-05 11:24 GMT
Advertising

കൊച്ചി: കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം തേടി കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ പ്രതിഷേധം. രാവിലെ ആറ് മുതലാണ് ഫോർട്ട് കൊച്ചി- ആലപ്പുഴ തീരദേശപാത ഉപരോധിച്ച് ജനകീയ സമിതിയുടെ സമരം തുടങ്ങിയത്. മന്ത്രി പി. രാജീവ് നേരിട്ടെത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ അത് സാധ്യമല്ലെന്ന് അറിയിച്ചതോടെ കലക്ടർ എത്തണമെന്ന് സമരക്കാർ‍ ആവശ്യപ്പെട്ടു.

അദ്ദേഹവും തിരുവനന്തപുരത്തായതിനാൽ രാവിലെ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മട്ടാഞ്ചേരി എ.സി.പിയടക്കം ചർച്ചയിൽ പങ്കെടുത്തിരുന്നു. എന്നാൽ കലക്ടർ വന്ന് നേരിട്ട് ചർച്ച നടത്തണമെന്ന ആവശ്യത്തിൽ പ്രദേശവാസികൾ ഉറച്ചുനിൽക്കുകയായിരുന്നു.

സമരത്തിനിടെ, ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യന്റെ വാഹനം ഇവിടെയെത്തി. വാഹനം കടത്തിവിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാട്ടുകാർ തയാറായില്ലെന്ന് മാത്രമല്ല, കാർ തടയുകയും ചെയ്തു. തുടർന്ന് ജഡ്ജിക്ക് തിരികെ പോകേണ്ടിവന്നു. ഇതോടെയാണ്, രാവിലെ തിരുവനന്തപുരത്തായിരുന്ന കലക്ടർ എൻ.എസ്.കെ ഉമേഷ് ഉച്ചയോടെ കണ്ണമാലിയിലെത്തിയത്.

തുടർന്ന് സമരക്കാരുമായി നടത്തിയ ചർച്ചയിൽ സമവായത്തിലെത്തി. 14 ദിവസത്തിനകം നടപടികൾ സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിശോധിച്ച് എത്രയും പെട്ടെന്ന് വേണ്ട തുടർനടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി. ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. ചെല്ലാനം, കണ്ണമാലി, ഫോർട്ട് കൊച്ചി ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. ചെല്ലാനത്ത് ഏഴു കി.മീ ടെട്രാപോഡുകൾ സ്ഥാപിച്ചെങ്കിലും ഇത് ഫോർട്ട് കൊച്ചി വരെ നീട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പ്രദേശത്ത് 2019 മുതൽ സമരം നടന്നുവരികയാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News