കൊച്ചിയിൽ കൊതുകിനെ കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ; ഫണ്ട് വിനിയോഗിക്കുന്നില്ലെന്ന് പരാതി
മഴക്കാലമെത്തുന്നതിന് മുൻപ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കൊച്ചി: കൊതുകിനെ കൊണ്ട് പൊറുതിമുട്ടി കൊച്ചിയിലെ ജനങ്ങൾ. കൊതുകു നശീകരണത്തിന് കഴിഞ്ഞ ബജറ്റിൽ വൻ തുക വിലയിരുത്തിയെങ്കിലും കോർപ്പറേഷൻ ഫണ്ട് കാര്യമായി വിനിയോഗിക്കുന്നില്ലെന്നാണ് പരാതി.
മഴക്കാലമെത്തുന്നതിന് മുൻപ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. 2022-2023 സാമ്പത്തിക വർഷം 12 കോടിയാണ് കൊതുകു നശീകരണത്തിനായി കോർപ്പറേഷൻ വകയിരുത്തിയത്. എന്നാൽ ഇതിന്റെ പകുതി പോലും വിനിയോഗിച്ചില്ല എന്നതാണ് യാഥാർഥ്യം.
കൊച്ചി കാണാൻ പുറത്തിറങ്ങുന്നവർക്കും നഗരത്തിൽ വീടുളളവർക്കും കൊതുകിന്റെ ശല്യം ശക്തമാണ്. 12 കോടി രൂപ മുഴുവൻ ചെലവഴിച്ചാലും നശിപ്പിക്കാൻ പറ്റാത്തത്ര കൊതുകുകൾ കൊച്ചിയെ കീഴടക്കി കഴിഞ്ഞു.
കോർപ്പറേഷന് കീഴിൽ വരുന്ന 74 ഡിവിഷനുകളിലും 10000 രൂപ വച്ച് കൊതുകു നശീകരണത്തിനായി കൈമാറുമെന്നാണ് മേയർ പറയുന്നത്. മരുന്ന് അടിക്കാനായി 222 ആരോഗ്യപ്രവർത്തകരെയും ഡിവിഷനുകളിൽ വിന്യാസിച്ചിട്ടുണ്ട്.
ശാസ്ത്രീയമായ രീതിയിൽ കൊതുകു നശീകരണത്തിന് പുതിയ മാർഗങ്ങൾ അവലംബിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതല്ലെങ്കിൽ മഴക്കാലമെത്തുന്നതിന് മുൻപേ കൊച്ചിയെ പകർച്ചവ്യാധികൾ കീഴടക്കും.