'പാലയൂർ, പുത്തൻപള്ളി ദേവാലങ്ങളുടെ മേലുള്ള അവകാശവാദത്തിന് പിന്നിൽ ചരിത്രമറിയാത്തവർ'; ടി.എൻ.പ്രതാപൻ എം.പി.

അപരവിദ്വേഷത്തിന്റെ വെറുപ്പ് പരത്തി തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ടി.എൻ.പ്രതാപൻ എം.പി കൂട്ടിച്ചേർത്തു

Update: 2024-02-08 12:59 GMT
Advertising

തൃശൂർ: പാലയൂർ, പുത്തൻപള്ളി എന്നീ ക്രൈസ്തവ ദേവാലങ്ങളുടെ മേലുള്ള അവകാശവാദത്തിന് പിന്നിൽ ചരിത്രവും വസ്തുതയും അറിയാത്തവരാണെന്ന് ടി.എൻ.പ്രതാപൻ എം.പി.


ഇത്തരം വർഗീയ വാദികളെ കേരളത്തിൽ കാലുകുത്താൻ സമ്മതിക്കില്ലെന്നും വർഗിയ ചേരിതിരിവുകൾ ഉണ്ടാക്കി മുതലെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നവരാണ് ദേവാലയങ്ങൾക്ക് നേരേ ഭീഷണിയുമായി വന്നിരിക്കുന്നതെന്നും പ്രതാപൻ പറഞ്ഞു.


ഇത്തരക്കാരെ തൃശൂരിൽ മാത്രമല്ല കേരളത്തിൻ്റെ നാലതിർത്തി തന്നെ കടക്കാൻ അനുവദിക്കില്ലെന്നും അപരവിദ്വേഷത്തിന്റെ വെറുപ്പ് പരത്തി തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ടി.എൻ.പ്രതാപൻ എം.പി കൂട്ടിച്ചേർത്തു.


ഗുരുവായൂരിലെ പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നായിരുന്നു ഹിന്ദു ഐക്യവേദി വക്താവ് ആർ.വി ബാബു ചാനൽ ചർച്ചയിൽ പറഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്ന സമയം തൊട്ട് തനിക്ക് ഇത് അറിയാം. ട്വന്റിഫോര്‍ ന്യൂസ് ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് പാലയൂർ പള്ളിയെ പറ്റി ഗുരുതര ആരോപണം ഉന്നയിച്ചത്. (ഗുരുവായൂരിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ സെൻ്റ് തോമസ് സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പള്ളികളിൽ ഒന്നാണ് പാലയൂർ പള്ളി. അന്തർദേശീയ തീർത്ഥാടന കേന്ദ്രത്തിനൊപ്പം രാജ്യത്തെ ആദ്യ ക്രിസ്തീയ ദേവാലയങ്ങളിൽപെട്ടതാണ് പാലയൂർ പള്ളി.)

മലയാറ്റൂർ പള്ളി എങ്ങനെയാണുണ്ടാ​യതെന്ന് മലയാറ്റൂർ രാമകൃഷ്ണൻ മാതൃഭൂമി വാരികയിൽ എഴുതിയിട്ടുണ്ടെന്നും അത് വായിക്കണമെന്നും ആർ.വി ബാബു പറഞ്ഞു. അർത്തു​ങ്കൽ പള്ളി ഹിന്ദുക്ഷേത്രമായിരുന്നുവെന്ന് ആർ.എസ്.എസ് നേതാവ് ടി.ജി മോഹൻദാസ് പറഞ്ഞത് ശരിയാണ്. അമ്പത് വർഷം മുമ്പ് പുറത്തിറക്കിയ സുവനീറിൽ അത് പറഞ്ഞിട്ടുണ്ടെന്നും ആർ.വി ബാബു പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ ശിവ​ക്ഷേത്രം വീണ്ടെടുക്കു​കയെന്ന ജോലിയാണ് ഹിന്ദുക്കൾ ചെയ്യേണ്ടത് എന്നായിരുന്നു ആർ.എസ്.എസ് സൈദ്ധാന്തികനായ ടി.ജി മോഹൻദാസ് മുമ്പ് ട്വീറ്റ് ചെയ്തത്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ അർത്തുങ്കൽ എന്ന പ്രദേശത്താണ് അർത്തുങ്കൽ പള്ളി എന്ന സെന്റ് ആൻഡ്രൂസ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്.

തൃശൂർ വടക്കുംനാഥന്റെ സ്ഥലത്താണ് പുത്തൻപള്ളിയും കോളജും നിൽക്കുന്നതെന്നും അടുത്ത കാലങ്ങളിൽ അത് തിരിച്ചുപിടിക്കുമെന്ന് ഹിന്ദുത്വ നേതാവായ അഡ്വക്കേറ്റ് കൃഷ്ണരാജ് ഫേസ്ബു​ക്കിൽ കുറിച്ചിരുന്നു.വടക്കുംനാഥന്റെ ഏക്കർ കണക്കിന് ഭൂമികളിലാണ് പള്ളിയും റോമൻ കത്തോലിക്കാ രൂപതയും പൊങ്ങിയതെന്നായിരുന്നു കുറിപ്പിലെ ആരോപണം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News