ഉയരുന്നത് നാടിന്‍റെ പ്രതിഷേധമാണെന്ന് കണക്കാക്കേണ്ട, ജനം കൂടെയുണ്ട്: മുഖ്യമന്ത്രി
'പ്രതിഷേധം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങളാണ് നാടിന് വലിയ തോതിലുള്ള ബാധ്യത ഉണ്ടാക്കിയത്'
കെ റെയിലിനെതിരെ ഉയരുന്നത് നാടിന്‍റെ പ്രതിഷേധമാണെന്ന് കണക്കാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ എപ്പോഴും കൂടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
"ഞങ്ങള്‍ക്ക് എപ്പോഴും ജനങ്ങളെ കുറിച്ചുമാത്രമേ പരിഗണനയുള്ളൂ. ആ ജനങ്ങള്‍ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്. ഈ വന്നവരാണ് ജനങ്ങളെന്ന് തെറ്റിദ്ധരിക്കേണ്ട. ഈ വന്നവര്‍ നിക്ഷിപ്ത താത്പര്യത്തോടെ വന്നവര്‍ മാത്രമാണ്"- കെ റെയിലിനെ കുറിച്ച് ജനങ്ങളോട് സംസാരിച്ച് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
"നമ്മുടെ നാടിന്‍റെ ഒരു ദൌര്‍ഭാഗ്യം ഇത്തരത്തിലുള്ള ഏത് പദ്ധതി വരുമ്പോഴും അതിനെ എതിര്‍ക്കാന്‍ രംഗത്തുവരുമെന്നതാണ്. ഗെയില്‍ പദ്ധതിയെ കുറിച്ച് എന്തോ ഒരു ബോംബാണ് പോകുന്നതെന്നല്ലേ പറഞ്ഞത്. എന്തെല്ലാം എതിര്‍പ്പായിരുന്നു? ദേശീയപാതാ വികസനം എന്തുകൊണ്ടാ നടക്കാതിരുന്നത്? ഞാനന്ന് എന്‍റെ പാര്‍ട്ടിയുടെ സെക്രട്ടറിയാണ്. യുഡിഎഫ് സര്‍ക്കാര്‍ യോഗം വിളിക്കുന്നു. 45 മീറ്റര്‍ റോഡ് ഏറ്റെടുക്കണമെന്ന് ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. അതിനു ശേഷം ഒരിഞ്ചു മുന്നോട്ടുപോയോ? ഗെയില്‍ പൈപ്പ് ലൈന്‍, കൂടംകുളത്തു നിന്ന് വൈദ്യുതി വരേണ്ട ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ എല്ലാം അവസാനിപ്പിച്ചു പോയതല്ലേ? അവരെല്ലാം ഇപ്പോഴും വരുമ്പോള്‍ ഒരു പ്രത്യേക ബൊക്കെ എനിക്ക് നല്‍കുകയാണ്. പദ്ധതി നടപ്പാക്കിയ കേരള സര്‍ക്കാരിന്‍റെ പ്രതിനിധി എന്ന നിലയില്‍"- മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രതിഷേധങ്ങളാണ് നാടിന് വലിയ തോതിലുള്ള ബാധ്യത ഉണ്ടാക്കിയത്. ഉയര്‍ന്നുവരുന്ന പ്രതിഷേധം നാടിന്‍റെ പ്രതിഷേധമാണെന്ന് കണക്കാക്കേണ്ട. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ഇന്ന് പറയുന്നത് തങ്ങളന്ന് തെറ്റിദ്ധരിച്ചുപോയെന്നാണ്. പൂര്‍ണ സംതൃപ്തരാണെന്നാണ് അവരിന്ന് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യാഘാത പഠനം
സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള സർവെ ആണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സര്‍വെ കൊണ്ട് ആര്‍ക്കും ഒരു നഷ്ടവും സംഭവിക്കില്ല. സാമൂഹിക ആഘാത പഠനത്തിനു ശേഷം ഭൂമി നഷ്ടപ്പെടുന്നവരെ കണ്ടെത്തി നഷ്ടപരിഹാരം നല്‍കും. അതിന് ശേഷമേ ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കൂ. മികച്ച നഷ്ടപരിഹാരവും പുനരധിവാസവും സർക്കാർ ഉറപ്പാക്കും. കേരളത്തിന്‍റെ വികസനത്തിന് ഏറെ സഹായകരമായ പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അവ്യക്തതയും ആശയക്കുഴപ്പവും ഉണ്ടാക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. എല്ലാം ജനങ്ങൾ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ല എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഗെയില്‍, ദേശീയപാത പദ്ധതികളെ എതിര്‍ത്തവരെ ജനങ്ങള്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷം മറയില്ലാതെ രംഗത്തിറങ്ങുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആസൂത്രിതമായ വ്യാജ പ്രചാരണം നടത്തുന്നു. ഏതാനും മാധ്യമങ്ങളും വ്യാജ പ്രചാരണം നടത്തുന്നു. എല്ലാ കാലത്തും ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ജനങ്ങൾ എപ്പോഴും സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്. തെറ്റായ വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങൾ പിൻമാറണം. സ്വാർഥ ചിന്താഗതി കാരണം നാടിന്‍റെ പുരോഗതിക്ക് തടയിടരുത്. വികസനം നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ചില പ്രശ്നങ്ങളുണ്ടാകും. അവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരവും കൃത്യമായ പുനരധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.