പേരാവൂർ ചിട്ടി തട്ടിപ്പ്; നിക്ഷേപകരുമായുള്ള ചർച്ചയിൽനിന്ന് സിപിഎം പിന്മാറി
സമ്മേളന കാലയളവ് ആയതുകൊണ്ട് ചർച്ചയ്ക്ക് സമയം ഉണ്ടാകില്ലെന്നാണ് പാർട്ടി വിശദീകരണം
പേരാവൂർ ചിട്ടി തട്ടിപ്പില്‍ നിക്ഷേപകരുമായി നടത്താനിരുന്ന ചർച്ചയിൽനിന്ന് സിപിഎം പിന്മാറി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ നേതൃത്വത്തിൽ നടത്താൻ ഇരുന്ന ചർച്ചയിൽ നിന്നാണ് പിന്മാറിയത്. സമ്മേളന കാലയളവ് ആയതുകൊണ്ട് ചർച്ചയ്ക്ക് സമയം ഉണ്ടാകില്ലെന്നാണ് പാർട്ടി വിശദീകരണം. മറ്റൊരു ദിവസം ചർച്ച നടത്താമെന്ന് നിക്ഷേപകരെ പാർട്ടി നേതൃത്വം അറിയിച്ചു.
2017ലാണ് ധനതരംഗ് എന്ന പേരില്‍ പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി ആരംഭിക്കുന്നത്. രണ്ടായിരം രൂപ മാസ തവണയില്‍ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണ് ചിട്ടിയില്‍ചേര്‍ന്നത്. കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപകര്‍ക്ക് പണം ലഭിക്കാതായതോടെ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കാനുളളത് രണ്ട് കോടി എഴുപത് ലക്ഷം രൂപയാണെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു.
കണ്ണൂര്‍ പേരാവൂരിലെ സഹകരണ സംഘത്തിന് മുന്നില്‍ നിക്ഷേപകര്‍ റിലെ നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ്. ബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് സെക്രട്ടറി നിലപാടെടുത്തതോടെയാണ് നിക്ഷേപകര്‍ സമരം ശക്തമാക്കിയത്. ഭരണ സമിതിക്കും സെക്രട്ടറിക്കുമെതിരെ നിയമ നടപടി തുടരുമെന്നും നിക്ഷേപകര്‍ അറിയിച്ചു.
ഒക്ടോബര്‍ ഒന്നിന് പൊലീസിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ആറുമാസത്തിനകം ചിട്ടി തുക തിരികെ നല്‍കുമെന്ന് നിക്ഷേപകര്‍ക്ക് സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, പിന്നാലെ സെക്രട്ടറി നിലപാട് മാറ്റി. ഭരണ സമിതി എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്. ക്രമക്കേടിന്‍റെ ഉത്തരവാദി സെക്രട്ടറിയാണന്ന മുന്‍നിലപാടില്‍ ഭരണ സമിതിയും സി.പി.എമ്മും ഉറച്ച് നില്‍ക്കുക കൂടി ചെയ്തതോടെ നിക്ഷേപകര്‍ സമരം ശക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സമരം തുടരുന്നത് പാര്‍ട്ടിയ്ക്ക് ക്ഷീണമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നിക്ഷേപകരെ സിപിഎം ചർച്ചയ്ക്ക് വിളിച്ചത്.