'തപാല്‍ വോട്ടുകള്‍ മുഴുവന്‍ എണ്ണിയില്ലെന്ന്': പെരിന്തൽമണ്ണയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോടതിയിലേക്ക്
പ്രായമായവരുടെ വിഭാഗത്തിൽ പെടുന്ന 347 പോസ്റ്റല്‍ വോട്ടുകൾ എണ്ണിയില്ലെന്നും കോടതിയെ സമീപിക്കുമെന്ന് ഇടതു സ്ഥാനാർത്ഥി കെ.പി.എം മുസ്തഫ
പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ണമായും എണ്ണിയില്ലെന്നാരോപിച്ച് മലപ്പുറം പെരിന്തല്‍മണ്ണയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനെതിരേ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിയമനടപടിക്ക്. പ്രായമായവരുടെ വിഭാഗത്തിൽ പെടുന്ന 347 പോസ്റ്റല്‍ വോട്ടുകൾ എണ്ണിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും ഇടതു സ്ഥാനാർത്ഥി കെ.പി.എം മുസ്തഫ മീഡിയവണിനോട് പറഞ്ഞു. മുസ്‌ലിം ലീഗിലെ നജീബ് കാന്തപുരം 38 വോട്ടുകള്‍ക്കാണിവിടെ വിജയിച്ചത്.
കവറിന് പുറത്ത് സീൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. യു.ഡി.എഫ് അനുകൂല ഉദ്യോഗസ്ഥർ മന:പൂർവ്വം സീൽ ചെയ്യാതിരുന്നതാണോയെന്ന് സംശയമുണ്ടെന്നും കെപിഎം മുസ്തഫ പറഞ്ഞു. തപാല്‍ വോട്ടുകളുടെ കവറിനു പുറത്ത് സീലടിക്കേണ്ട ഉത്തരവാദിത്വം തനിക്കല്ലെന്നും ഉദ്യോഗസ്ഥന്‍മാര്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി മനപ്പൂര്‍വം സീല്‍ ചെയ്യാതിരുന്നതാണോ എന്നതാണ് സംശയമെന്നും അദ്ദേഹം ആരോപിക്കുന്നു.
347 വോട്ടുകള്‍ എണ്ണിയാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ 100 തികയ്ക്കുമെന്ന് ഉറപ്പാണെന്നും ഉടനെ നിയമനടപടി സ്വീകരിക്കുമെന്നും കെ.പി.എം മുസ്തഫ അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 76,530 വോട്ടുകളാണ് നജീബ് കാന്തപുരം നേടിയത്. കെ.പി മുസ്തഫ നേടിയത് 76,492 വോട്ടും. 2016ൽ മഞ്ഞളാംകുഴി അലിയും വി. ശശികുമാറും തമ്മിൽ നടന്ന മത്സരത്തിലും വീറും വാശിയും അരങ്ങേറിയിരുന്നു. അന്ന് 579 വോട്ടിനാണ് അലി വിജയിച്ചിരുന്നത്.