പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: അപ്പീൽ പോകില്ലെന്ന് എൽ.ഡി.എഫ്

ഒന്നര വർഷം മാത്രമാണ് ബാക്കിയുള്ളതെന്നും നിയമപോരാട്ടത്തിന് സമയമില്ലെന്നും കെ.പി.എം മുസ്തഫ

Update: 2024-08-08 10:23 GMT
Advertising

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിൻറെ വിജയം ഹൈക്കോടതി ശരിവച്ചതിൽ അപ്പീൽ പോകില്ലെന്ന് എൽ.ഡി.എഫ്. അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർ‍ഥിയായിരുന്ന കെ.പി.എം മുസ്തഫ മീഡിയാവണിനോട് പറഞ്ഞു. ഒന്നര വർഷം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും നിയമപോരാട്ടത്തിന് ഇനി സമയമില്ലെന്നും മുസ്തഫ പറഞ്ഞു. നജീബിന് എം.എൽ.എയായി തുടരാമെന്ന് കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.

തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിൻറെ വിജയം ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്ഥാനാർഥി നൽകിയ ഹരജിയിലാണ് വിധി. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്.

38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. കോവിഡ് രോഗികളും പ്രായമായവരും വീട്ടിലിരുന്ന് ചെയ്ത വോട്ടുകളിൽ 348 എണ്ണം ഒപ്പും സീലുമില്ലെന്ന കാരണത്താൽ വരാണാധികാരി അസാധുവാക്കിയിരുന്നു. 348 വോട്ടുകൾ അസാധുവാക്കിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി ചോദ്യം ചെയ്തായിരുന്നു മുസ്തഫയുടെ ഹരജി. മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ മുന്നൂറോളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതെന്നുമായിരുന്നു കെ.പി മുഹമ്മദ് മുസ്തഫയുടെ വാദം.

തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷൻ വ്യക്തമാക്കി. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. കോടതി വിധിക്കു പിന്നാലെ സത്യത്തെ ഒരിക്കലും കുഴിച്ചുമൂടാനാവില്ലെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News