പെരിയ ഇരട്ടക്കൊല; വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റത്തിനെതിരായ സി.ബി.ഐ ഹരജി ഇന്ന് ഹൈക്കോടതിയിൽ
കേസിൽ വിചാരണ പൂർത്തിയായി വിധി പറയാനൊരുങ്ങുന്ന സമയത്താണ് സി.ബി.ഐ കോടതി ജഡ്ജിക്ക് തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് വാദം കേട്ട വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സി.ബി.ഐയുടെ അപേക്ഷയിൽ രജിസ്ട്രാറോട് കോടതി വിശദീകരണം തേടിയിരുന്നു. കേസിലെ വിചാരണ പൂർത്തിയായി വിധി പറയാനൊരുങ്ങുന്ന സമയത്താണ് സി.ബി.ഐ കോടതി ജഡ്ജി കെ. കമനീസിന് തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. കേസിൽ വിധി പറയുന്നത് വരെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റം നീട്ടണമെന്നാണ് ആവശ്യം. പൊതു സ്ഥലംമാറ്റ ഉത്തരവിന്റെ ഭാഗമായാണ് വിചാരണ കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം ലഭിച്ചത്.
സി.ബി.ഐയുടെ അപേക്ഷക്ക് സമാനമായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും രക്ഷിതാക്കളും ഹൈക്കോടതിയെ സമിപിച്ചിട്ടുണ്ട്. സ്ഥലംമാറ്റം വിചാരണ പൂർത്തിയാക്കുന്നത് വൈകിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഇത് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും വിചാരണ പൂർത്തിയാക്കുന്നത് വരെ സ്ഥലംമാറ്റം നീട്ടിവെക്കണമെന്നും നിലവിലെ ജഡ്ജിയെ വിചാരണ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും മാതാപിതാക്കൾ ഹരജിയിൽ ആവശ്യപ്പെട്ടു.