പെരിയ ഇരട്ടക്കൊലപാതകം: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി
2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്
Update: 2022-08-02 10:33 GMT
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി സിബിഐ കോടതി തള്ളി. കേസിലെ 11, 15,17പ്രതികളായ പ്രദീപ്, എ.സുരേന്ദ്രൻ, റെജി വർഗീസ് എന്നിവരുടെ ഹരജിയാണ് തള്ളിയത്.
2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സുപ്രിംകോടതിയുടെ നിർദേശപ്രകാരാണ് സി.ബി.ഐ ഏറ്റെടുത്തത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു.
കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘംചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം, കുറ്റവാളികളെ സംരക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയത്.