പെരിയ കൊലപാതകം; സിപിഎം നേതാവ് വി പി പി മുസ്തഫയെ സിബിഐ സംഘം ചോദ്യം ചെയ്തു

പെരിയയിൽ സി പി എം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇനിയും അക്രമം തുടർന്നാൽ കോൺഗ്രസ് പ്രവർത്തകർ ചിതയിൽ വെക്കാൻപോലും ബാക്കിയുണ്ടാവില്ലെന്നായിരുന്നു മുസ്തഫയുടെ പ്രസംഗം

Update: 2021-10-19 04:26 GMT
Editor : Nisri MK | By : Web Desk
Advertising

പെരിയ ഇരട്ടക്കൊലപാതക കേസിൽ മന്ത്രി എം വി ഗോവിന്ദന്‍റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ വി പി പി മുസ്തഫയെ സിബിഐ സംഘം ചോദ്യം ചെയ്തു. സിബിഐ യുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.

സിബിഐ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പെരിയയിൽ സി പി എം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇനിയും അക്രമം തുടർന്നാൽ കോൺഗ്രസ് പ്രവർത്തകർ ചിതയിൽ വെക്കാൻപോലും ബാക്കിയുണ്ടാവില്ലെന്നായിരുന്നു മുസ്തഫയുടെ പ്രസംഗം. ഇരട്ടക്കൊലപാതക കേസിലെ പ്രതി പീതാംബരൻ ആക്രമിക്കപ്പെട്ട് രണ്ട് ദിവസത്തിനു ശേഷം 2019 ജനവരി 7നു നടന്ന യോഗത്തിലായിരുന്നു മുസ്തഫയുടെ പ്രസംഗം.

ഫെബ്രുവരി 17നാണ് ശരത്‍ലാലും കൃപേഷും കൊല്ലപ്പെട്ടത്. കേസ് ആദ്യം അന്വേഷിച്ച ക്രൈം ബ്രാഞ്ചും വിവാദ പ്രസംഗത്തിൻ്റെ പേരിൽ മുസ്തഫയെ ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിൻ്റെ കുറ്റപത്രത്തിൽ സാക്ഷിയായാണ് മുസ്തഫയെ ഉൾപ്പെടുത്തിയത്. കേസിൽ സി പി എം ജില്ലാ കമ്മിറ്റിയംഗം വിവി രമേശൻ, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി രാജ് മോഹൻ, അഭിഭാഷകരായ പി.ബിന്ദു, എ ജി നായർ തുടങ്ങിയവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

സി പി എം ഉദുമ ഏരിയ സെക്രട്ടറിയായിരുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷണനടക്കം 14 പേരാണ് നിലവിൽ പ്രതികളായിട്ടുള്ളത്. ഒന്നാം പ്രതി പീതാംബരനടക്കം 12 പേർ കണ്ണൂർ സെൻട്രൽ ജയിലിൽ ജൂഡിഷ്യൽ കസ്റ്റഡിയിലാണ്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News