പുരാവസ്തു തട്ടിപ്പ് കേസിൽ ഐ.ജി ലക്ഷ്മണിന് സ്ഥിരം ജാമ്യം
മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയത്
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ ഐ.ജി ലക്ഷ്മണിന് സ്ഥിരം ജാമ്യം. നേരത്തെ ഇടക്കാല മുൻകൂർ ജാമ്യത്തിൽ കഴിയവെയായിരുന്നു ലക്ഷ്മണിനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയത്. ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ചാണ് സ്ഥിര ജാമ്യത്തിന് ഉത്തരവിട്ടത്.
തനിക്കെതിരെ കേസുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ചു ഐ.ജി ലക്ഷ്മൺ ഹരജി സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ടെന്നതായിരുന്നു ഹരജിയിലെ പ്രധാന ആരോപണം. ഈ ഹരജി പിൻവലിക്കുന്നതായി ഐ.ജി ലക്ഷ്മൺ ഹൈക്കോടിതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്നാണ് ക്രൈബ്രാഞ്ചിൽ നിന്ന് ലഭിക്കുന്ന വിവരം. അടുത്ത മാസം ആദ്യത്തിൽ തന്നെ ക്രൈം ബ്രാഞ്ച് കുറ്റം പത്രം സമർപ്പിക്കും.