കൊല്ലം മെഡിക്കല്‍ കോളേജ് പുതിയ ഘട്ടത്തിലേക്ക്; ആദ്യമായി മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി

കൂടുതൽ വിഭാഗങ്ങൾക്ക് പിജി സീറ്റുകൾ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ

Update: 2022-06-28 12:20 GMT
Advertising

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എം.ഡി. കമ്മ്യൂണിറ്റി മെഡിസിന്‍, എം.ഡി. പത്തോളജി എന്നീ വിഭാഗങ്ങളിലായി 2 വീതം സീറ്റുകള്‍ക്കാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയത്. ഈ രണ്ട് വിഭാഗങ്ങളിലായി ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം, ഗവേഷണം എന്നിവയില്‍ കൊല്ലം മെഡിക്കല്‍ കോളേജ് പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ച് 5 വര്‍ഷത്തിനുള്ളില്‍ പിജി കോഴ്‌സ് ആരംഭിക്കാനാകുന്നത് അഭിമാന നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രയിലെ രോഗീ പരിചരണം, പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഗവേഷണം എന്നിവ ശക്തിപ്പെടുത്താന്‍ കമ്മ്യൂണിറ്റി മെഡിസിനിലെ പുതിയ സീറ്റുകള്‍ സഹായിക്കുന്നു. രോഗ നിര്‍ണയത്തില്‍ പത്തോളജി വിഭാഗത്തിന് വലിയ പ്രാധാന്യമാണുള്ളത്. കോവിഡ് മഹാമാരിക്കിടയിലും കൊല്ലം മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലം കൂടിയാണിത്. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പിജി സീറ്റുകള്‍ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. എത്രയും വേഗം ഈ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജ് അടുത്തിടെ കൊല്ലം മെഡിക്കല്‍ കോളേജിലെത്തി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ തുടര്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി. നഴ്‌സിംഗ് കോളേജ് ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. എംബിബിഎസ് ആദ്യ ബാച്ച് നല്ല വിജയ ശതമാനത്തോടെ കോഴ്‌സ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News