എം.എസ്.എഫ് നേതാക്കള്‍ക്കെതിരായുള്ള ' ഹരിത ' നേതാക്കളുടെ പരാതി വനിത ഉദ്യോഗസ്ഥ അന്വേഷിക്കും

കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷനിലാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവിടെ വനിത ഇൻസ്‌പെക്ടർ ഇല്ലാത്തതിനാലാണ് ചെമ്മങ്ങാട് സ്റ്റേഷനിലെ ഇൻസ്‌പെക്ടർക്ക് കേസ് കൈമാറിയത്.

Update: 2021-08-19 07:24 GMT
Editor : Nidhin | By : Web Desk
Advertising

എം.എസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതി വനിതാ ഇൻസ്‌പെക്ടർ അന്വേഷിക്കും. ചെമ്മങ്ങാട് ഇൻസ്‌പെക്ടർ അനിതാകുമാരിയാണ് കേസ്് അന്വേഷിക്കുക. പരാതിക്കാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.

സ്ത്രീയോട് ലൈംഗിക ചുവയുള്ള സംസാരം നടത്തി എന്നതാണ് കേസ് എന്നത് കൊണ്ടാണ് വനിത ഉദ്യോഗസ്ഥയെ തന്നെ കേസ് അന്വേഷിക്കാൻ ഏൽപ്പിച്ചത്. കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷനിലാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവിടെ വനിത ഇൻസ്‌പെക്ടർ ഇല്ലാത്തതിനാലാണ് ചെമ്മങ്ങാട് സ്റ്റേഷനിലെ ഇൻസ്‌പെക്ടർക്ക് കേസ് കൈമാറിയത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുൽ വഹാബ് എന്നിവർക്കെതിരെയാണ് കേസ്.

അതേസമയം എം.എസ്.എഫിലെയും ഹരിതയിലേയും നിലവിലെ വിവാദങ്ങൾക്ക് പിന്നിൽ ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലിയാണ് എന്ന് ആരോപിച്ച് ഒരു വിഭാഗം എം.എസ്.എഫ് ഭാരവാഹികൾ രംഗത്തെത്തി. അദ്ദേഹത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇവർ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകി.

കഴിഞ്ഞ ഒരു വർഷമായി എം.എസ്.എഫ് പ്രസിഡന്റിനെയും ഭാരവാഹികളെയും അഷ്റഫലി വേട്ടയാടുകയാണെന്ന് പരാതിയിൽ പറയുന്നു. പി.കെ നവാസിനെതിരെ പരാതി വന്നത് ദേശീയ പ്രസിഡന്റിന്റെ അറിവോടെയാണ്. പി.കെ നവാസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് പരാതി വന്നതിന് പിന്നിൽ അഷ്റഫലിയാണ്. പല ഭാരവാഹികളുടെയും വ്യാജ ഒപ്പുകളോടെയാണ് പരാതി വന്നത്.

ഹരിത വിവാദത്തിൽ ദേശീയ കമ്മിറ്റി നടത്തിയ സിറ്റിങ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ച സംഭവവും അന്വേഷിക്കണമെന്ന് പരാതിയിൽ പറയുന്നു. രണ്ട് സംസ്ഥാന ഭാരവാഹികളും മലപ്പുറം ജില്ലാ ഭാരവാഹികളും ഉൾപ്പെടെയുള്ളവരാണ് പരാതി നൽകിയത്. നിലവിലെ വിവാദങ്ങൾ പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് പി.കെ നവാസിനെ പിന്തുണക്കുന്നവർ ആരോപിക്കുന്നത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News