നടിയെ ആക്രമിച്ച കേസ്; പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി ഹൈക്കോടതിയില്‍
ഇപ്പോൾ നടക്കുന്ന തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നാണ് ആവശ്യം
നടിയെ ആക്രമിച്ച കേസിലെ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇപ്പോൾ നടക്കുന്ന തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നാണ് ആവശ്യം. തുടരന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തി വയ്ക്കുന്നതാണ് നീതിയുക്തം എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. പുതിയ സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
അതേസമയം നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ കൈവശമുണ്ടെന്നും ഇത് വിചാരണ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുളള ദിലീപിന്‍റെ ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയും കോടതിയുടെ പരിഗണനക്കെത്തും.
ഹൈക്കോടതി അനുവദിച്ച അഞ്ച് സാക്ഷികളില്‍ മൂന്ന് സാക്ഷികളുടെ വിസ്താരവും നാളെയാണ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ സാക്ഷികളില്‍ രണ്ടു പേര്‍ അയല്‍ സംസ്ഥാനങ്ങളിലാണെന്നും ഒരാള്‍ക്ക് കോവിഡാണെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ടു പേരുടെ സാക്ഷി വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു.