പി.ജി ഡോക്ടര്‍മാരുടെ സമരം: ജൂനിയര്‍ റസിഡന്‍റുമാരെ നിയമിക്കാന്‍ ഉത്തരവിറക്കി
അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്കരിക്കാന്‍ പിജി ഡോക്ടര്‍മാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ നടപടി
നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്‍റുമാരെ നിയമിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സമരത്തിലുള്ള പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. അതേസമയം സമരത്തിലുള്ളവരോട് ഹോസ്റ്റല്‍ ഒഴിയണമെന്ന ഉത്തരവിനെതിരെ സംസ്ഥാന വ്യാപകമായി പിജി ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു.
കോട്ടയം 75, കോഴിക്കോട്, തൃശൂര്‍- 72, ആലപ്പുഴ 61, തിരുവനന്തപുരം 50, എറണാകുളം 7 എന്നിങ്ങനെയാണ് മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ റസിഡന്‍റുമാരെ നിയമിക്കുക. ഡോക്ടര്‍മാരുടെ കുറവ് നികത്തണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പിജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.
സമരക്കാരുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ നിയമനം ഉടനുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്കരിക്കാന്‍ പിജി ഡോക്ടര്‍മാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ നടപടി. അതിനിടെ സമരത്തിലുള്ള പിജി ഡോക്ടര്‍മാരോട് ഹോസ്റ്റല്‍ ഒഴിയണമെന്ന പ്രിന്‍സിപ്പള്‍മാരുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു.
തിരുവനന്തപുരത്തും കോഴിക്കോടും ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിനു മുന്നില്‍ പ്രതിഷേധിച്ചു. അതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ്പുസമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. ശമ്പളവും ആനുകൂല്യവും വെട്ടിക്കുറച്ചതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം.