'കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും സ്റ്റേറ്റ് കാറും തന്നാല്‍ എല്‍.ഡി.എഫിലേക്ക് വരാം'; ജോണി നെല്ലൂരിന്‍റെ പേരിൽ ശബ്ദരേഖ പുറത്ത്
എൽഡിഎഫിലേക്ക് വരാൻ കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും, സ്റ്റേറ്റ് കാറും വേണമെന്നാണ് ശബ്ദരേഖയിൽ പറയുന്നത്
തിരുവനന്തപുരം: എൽഡിഎഫിലേക്ക് പോകാൻ വിലപേശുന്ന തരത്തിൽ ജോണി നെല്ലൂരിന്‍റെ പേരിൽ ശബ്ദരേഖ. എൽഡിഎഫിലേക്ക് വരാൻ കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും, സ്റ്റേറ്റ് കാറും വേണമെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. കേരള കോൺഗ്രസ് കർഷക യൂണിയൻ നേതാവ് എ എച്ച് ഹഫീസുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്.
ശനിയാഴ്ച 10. 25 നാണ് ഹഫീസിന്‍റെ ഫോണിലേക്ക് കോൾ വന്നത്. ബി.ജെ.പി യിൽ നിന്ന് മൂന്ന് സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാല്‍ തനിക്ക് ബി.ജെ.പി യിലേക്ക് പോകാൻ താൽപര്യമില്ല എന്നും ജോണി നെല്ലൂര്‍ പറഞ്ഞതായി ഹഫീസ് പറഞ്ഞു.
തന്‍റെ സ്വാധീനം വച്ച് ഒരു സ്റ്റേറ്റ് കാറും ഏതെങ്കിലും ഒരു കോർപ്പറേഷൻ ചെയർമാൻ സ്ഥാനവുമാണ് ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടത് എന്നും ആദർശത്തിന് വേണ്ടിയല്ല അധികാരത്തിന് വേണ്ടിയാണ് അദ്ദേഹം മുന്നണി മാറാന്‍ ഉദ്ധ്യേശിക്കുന്നത് എന്ന് മനസ്സിലായതിനാല്‍ താന്‍ അദ്ദേഹത്തിന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തു എന്നും ഹഫീസ് മീഡിയ വണിനോട് പറഞ്ഞു.
പിന്നീട് ജോണി നെല്ലൂര്‍ തന്നെ മറ്റൊരു ഫോണില്‍ നിന്ന് വിളിച്ച് ഈ കാര്യം ആരോടും പറയരുത് എന്നും തന്‍റെ കരിയറിനെ ഇത് ബാധിക്കുമെന്നും പറഞ്ഞതായി ഹഫീസ് പറഞ്ഞു. എന്നാല്‍ ജോണി നെല്ലൂര്‍ ഹഫീസിന്‍റെ ആരോപണങ്ങളെ നിഷേധിച്ചു. അത് തന്‍റെ ശബ്ദമല്ലെന്നാണ് ജോണി നെല്ലൂരിന്‍റെ വാദം. അങ്ങനെയെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും അത് തന്‍റെ ശബ്ദമല്ലെന്ന് തെളിയിക്കാന്‍ നെല്ലൂരിനെ വെല്ലുവിളിക്കുന്നു എന്നും ഹഫീസ് പറഞ്ഞു.