ഫോൺ ഉപയോഗം ചോദ്യം ചെയ്തു; ആകാശ് തില്ലങ്കേരി ജയിലറെ തല്ലി
ഇന്ന് ഉച്ചതിരിഞ്ഞ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആണ് സംഭവം നടന്നത്
തിരുവനന്തപുരം: ഫോൺ ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലറെ ഷുഐബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി മര്‍ദിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആണ് സംഭവം നടന്നത്. അസിസ്റ്റന്‍റ് ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകി. മര്‍ദനമേറ്റ ജയിലര്‍ രാഹുലിന്‍റെ മൊഴി രേഖപ്പെടുത്തി കേസെടുക്കുമെന്ന് വിയ്യൂർ പൊലീസ് അറിയിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാരനാണ് ആകാശ് തില്ലങ്കേരി.
2018 ഫെബ്രുവരി 12ന് എടയന്നൂരിലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷുഐബിനെ കൊലപ്പെടുത്തിയത്. തട്ടുകടയിൽ സുഹൃത്തുകൾക്കൊപ്പം ചായ കുടിക്കുമ്പോൾ ക്വട്ടേഷൻ സംഘമാണ് ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി ശേഷം ഷുഐബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഷുഹൈബ് വധക്കേസിന് പുറമെ ആർഎസ്എസ് പ്രവർത്തകൻ വിനീഷിന്‍റെ കൊലപാതകമടക്കം 12 കേസുകളിൽ പ്രതിയാണ് ആകാശ്. ഷുഐബ് വധക്കേസില്‍ പ്രതിയായതോടെ ആകാശിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു.