കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് ലോറി ഡ്രൈവർക്ക് പിതാവിന്റെ ക്രൂരമർദനം
ഡ്രൈവർക്ക് കൂലി കൊടുക്കാതിരിക്കാൻ ഉടമ മർദിക്കുന്നുവെന്ന രീതിയിലാണ് ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
തൃശൂർ: തൃശൂർ വല്ലച്ചിറയിൽ ലോറി ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുട്ടിയെ ഉപദ്രവിച്ചെന്ന പേരിൽ കുട്ടിയുടെ പിതാവാണ് ഡ്രൈവറെ ക്രൂരമായി മർദിച്ചത്.
ഡിസംബർ നാലിനാണ് സംഭവം. കുട്ടി സൈക്കിളിൽ വരുമ്പോൾ സമീപത്തെ പെട്രോൾ പമ്പിനടുത്ത് വെച്ച് കുട്ടിയെ തടഞ്ഞുനിർത്തുകയും തന്റെ മകന് സൈക്കിൾ വാങ്ങിക്കൊടുക്കാനാണ് ഈ സൈക്കിൾ എവിടെ നിന്ന് വാങ്ങി എന്നുചോദിച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് ആരോപണം.
സംഭവസ്ഥലത്ത് നിന്ന് നിലവിളിച്ചോടിയ കുട്ടി പമ്പിലേക്ക് കയറി. ഇവിടെ ഉണ്ടായിരുന്ന ആളുകൾ കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു. പമ്പിലെ ദൃശ്യങ്ങൾ പരിശോധിച്ച പിതാവ് ലോറി ഡ്രൈവറെ തിരഞ്ഞുപോവുകയായിരുന്നു.
തുടർന്ന് വല്ലച്ചിറയിൽ വെച്ച് ലോഡ് കയറ്റുകയായിരുന്ന ഫാക്‌ടറിയിൽ വെച്ച് ഇയാളെ പിടികൂടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ചോദ്യം ചെയ്‌തപ്പോൾ താൻ തമാശക്ക് ചെയ്‌തതാണെന്നായിരുന്നു ഡ്രൈവറുടെ മറുപടി.
കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ വൈകാരികമായുണ്ടായ പ്രതികരണമാണെന്നായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം. എന്നാൽ, സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ലോറി ഡ്രൈവർക്ക് കൂലി കൊടുക്കാതിരിക്കാൻ ഉടമ മർദിക്കുന്ന എന്ന രീതിയിലാണ്. ഇത് വസ്‌തുതാവിരുദ്ധമാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. സംഭവത്തിൽ പരാതി ലഭിക്കാത്തത് കൊണ്ടാണ് ഇതുവരെ കേസെടുക്കാത്തതെന്നാണ് പൊലീസ് പറഞ്ഞു.