'ആഭ്യന്തരവകുപ്പ് നാണക്കേട്, മുഖ്യമന്ത്രിയുടെ സമീപനം മോശം'; സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിലും രൂക്ഷവിമർശനം

മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കണമെന്നും ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു

Update: 2024-06-25 05:57 GMT
Advertising

കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷവിമർശനം. ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നും പരിചയസമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമായി മാറിയെന്നുമുൾപ്പടെ കമ്മിറ്റിയിൽ വിമർശനമുയർന്നു. മന്ത്രിസഭ ഉടൻ സംഘടിപ്പിക്കണമെന്നായിരുന്നു കമ്മിറ്റിയിൽ അംഗങ്ങൾ മുന്നോട്ടുവച്ച പ്രധാന ആവശ്യം

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റിയിലാണ് രൂക്ഷവിമർശനമുയർന്നത്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനുമെതിരെ ആയിരുന്നു വിമർശനങ്ങളേറെയും. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം എന്ന് തന്നെയായിരുന്നു പല അംഗങ്ങളും പ്രകടിപ്പിച്ച അഭിപ്രായം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശോഭിച്ചിരുന്ന പല വകുപ്പുകളും രണ്ടാം സർക്കാരിൽ മോശം പ്രകടനമായിരുന്നുവെന്നും ഇതിന് കാരണം പരിചയസമ്പത്തില്ലാത്ത മന്ത്രിമാരാണെന്നും പൊതുവായ വിമർശനമുയർന്നു.

മന്ത്രിസഭാ രൂപീകരണത്തിൽ തന്നെ രഹസ്യ അജണ്ട ഉണ്ടായിരുന്നു, കണ്ണൂർ ലോബിയാണ് സർക്കാരിനെയും പാർട്ടിയെയും നിയന്ത്രിക്കുന്നതെന്നും പല അംഗങ്ങളും ചൂണ്ടിക്കാട്ടി. വിമർശനങ്ങളോട് മുഖ്യമന്ത്രിയുടെ സമീപനമായിരുന്നു വിമർശനമേറെ നേരിട്ട മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിന് പിന്നാലെ മാർ കൂറിലോസുമായുണ്ടായ വിവാദങ്ങളും മൈക്ക് ഓപ്പറേറ്ററോടും അവതാരകയോടും മുഖ്യമന്ത്രി മോശമായി സംസാരിച്ചതുമെല്ലാം പല അംഗങ്ങളും കമ്മിറ്റിയിലുന്നയിച്ചു. രക്ഷാദൗത്യം എന്ന പേരിൽ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് മുഖ്യമന്ത്രി കടന്നു എന്നായിരുന്നു മറ്റൊരു വിമർശനം.

Full View

പ്രതിച്ഛായ വീണ്ടെടുക്കണമെങ്കിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നതാണ് കമ്മിറ്റിയിൽ ഉയർന്ന പ്രധാന ആവശ്യം. ഇനിയും രണ്ട് വർഷം സമയമുണ്ടെന്നും പഴയ മന്ത്രിമാരെ തന്നെ രണ്ടാം മന്ത്രിസഭയിലേക്ക് പരിഗണിക്കാവുന്നതാണെന്നും ആവശ്യമുയർന്നു. തോമസ് ഐസക്കിനെ പോലുള്ളവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ ധനവകുപ്പ് എങ്ങനെ കൊണ്ടുപോകണമെന്ന് ഒരു ധാരണയും ഉണ്ടായില്ലെന്നും കമ്മിറ്റിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ കൊല്ലത്തെ സ്ഥാനാർഥി നിർണയത്തിൽ പോലും വീഴ്ചകളുണ്ടായതായാണ് മറ്റൊരു വിമർശനം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News