സത്യപ്രതിജ്ഞക്ക് നിര്‍ദേശം നല്‍കിയോ? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ..

പ്രതിദിന കോവിഡ് അവലോകനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി

Update: 2021-05-01 13:57 GMT
Advertising

തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയയെന്ന വാർത്ത ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംബന്ധിച്ച് വന്നത് ഭാവനാസമ്പന്നര്‍ സൃഷ്ടിച്ച വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിദിന കോവിഡ് അവലോകനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

സത്യപ്രതിജ്ഞ സംബന്ധിച്ച് ഇപ്പോൾ ഒരു ആലോചനയും നടത്തിയിട്ടില്ല. ഇതിനും മുമ്പും ധാരാളം ഭാവനാസമ്പന്നർ രംഗത്തു വന്നിട്ടുണ്ട്. ഇപ്പോൾ ഇതിലും അത് ഇരിക്കട്ടെയെന്നതാണ്. തങ്ങൾ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ലെന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെ വോട്ടെണ്ണല്‍ ദിനത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫലപ്രഖ്യാപനത്തിന് ശേഷം പ്രവര്‍ത്തകര്‍‌ ആവേശം പ്രകടിപ്പിക്കരുത്. കൌണ്ടിങ് സെന്‍ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ കടകള്‍ തുറക്കാന്‍ പാടില്ല. പാര്‍ട്ടി ഓഫീസുകളില്‍ ആള്‍ക്കൂട്ടം പാടില്ല. പടക്കം പൊട്ടിക്കലും മധുര വിതരണവും പാടില്ല. തെരഞ്ഞെടുപ്പ് ഫലം എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കരുത്. സ്ഥാനാര്‍ഥികള്‍ നേരിട്ട് ചെന്ന് നന്ദി പറയുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫലപ്രഖ്യാപനം വരുന്നതിന്‍റെ അടുത്ത ദിവസം തന്നെ അധികാരത്തിലേറാന്‍ പിണറായി തയ്യാറെടുക്കുന്നുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റയ്ക്കോ പാര്‍ട്ടിയില്‍ നിന്നും ഘടക കക്ഷികളില്‍ നിന്നുമുള്ള മൂന്നോ നാലോ മന്ത്രിമാര്‍ക്കൊപ്പം ലളിതമായി സത്യപ്രതിജ്ഞ നടത്തുകയെന്നായിരുന്നു വാര്‍ത്ത.

സാധാരണഗതിയിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന മുന്നണി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്നത് ഫലം വന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാകും. 2016ൽ മെയ് 19നാണ് തെര‍ഞ്ഞെടുപ്പ് ഫലം വന്നത്. ആറ് ദിവസത്തിന് ശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News