‘തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ’ ചോദ്യത്തോട് ക്ഷോഭിച്ച് പിണറായി വിജയൻ
വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം
കണ്ണൂർ: തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തോട് പിണറായി രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്.‘തെരഞ്ഞെടുപ്പെന്ന് പറയുന്നത് എന്താണെന്ന് മനസിലാക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ലെങ്കിൽ നിങ്ങള് എന്തൊരു മാധ്യമപ്രവർത്തകനാണ് എന്ന് ചോദിച്ചുകൊണ്ടായിരുന്നു പ്രതികരിച്ചത്. നിങ്ങൾക്ക് അതുപോലും മനസിലാക്കാൻ കഴിയുന്നില്ല എന്നല്ലെ ഈ ചോദ്യത്തിന്റെ അർത്ഥം. ഈ തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് രാജ്യത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ളതല്ലെ. അതല്ലെ പ്രധാനമായും നോക്കുക. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടിട്ട് അതെ പോലെ ചോദിക്കാൻ നിൽക്കുകയാണോ വേണ്ടത്. ഇത് കേരള സംസ്ഥാനത്തിന്റെ പ്രവർത്തനത്തെ വിലയിരുത്താനുള്ള തെരഞ്ഞെടുപ്പാണോ. രാജ്യത്തിന്റെ പ്രവർത്തനത്തെ വിലയിരുത്താനുള്ള തെരഞ്ഞെടുപ്പല്ലേയിത്. ഇതൊക്കെയല്ലേ നമ്മൾ മനസിലാക്കേണ്ടത്.’ എന്ന് പറഞ്ഞായിരുന്നു പ്രതികരണം അവസാനിപ്പിച്ചത്. ബാക്കി നമുക്ക് പിന്നീടാകാം എന്ന് പറഞ്ഞ് പിണറായി മാധ്യമങ്ങളോട് പ്രതികരിക്കുന്നത് അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബം കാൽനടയായി എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കണ്ണൂർ പിണറായിയിലെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തോട് പിണറായിയുടെ മറുപടി ഇങ്ങനെഅമല യു.പി സ്കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് പിണറായിക്കും കുടുബംത്തിനും വോട്ട്. വോട്ട് ചെയ്യാനെത്തുമ്പോൾ ക്യൂവിലുണ്ടായിരുന്ന 20 പേർക്ക് പിന്നിൽ വരി നിന്നാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.