വാക്സിൻ വിഷയത്തിൽ സഹകരണം തേടി മുഖ്യമന്ത്രി; ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു
കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്സിൻ വിതരണം ചെയ്യണമെന്ന ആവശ്യം സംയുക്തമായി മുന്നോട്ടുവെക്കണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നത്.
വാക്സിൻ പ്രശ്നത്തില്‍ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങി 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്.
കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്സിൻ വിതരണം ചെയ്യണമെന്ന ആവശ്യം സംയുക്തമായി മുന്നോട്ടുവെക്കണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നത്. കേന്ദ്രം ഒരു ഗ്ലോബൽ ടെണ്ടർ വിളിക്കണമെന്ന് ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രണ്ടാം തരംഗത്തിനു ശേഷം ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത കൂടിയുണ്ടെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കിൽ അതിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുക എന്നത് അനിവാര്യമാണ്. പൊതുനന്മയ്‌ക്കായി സാർവത്രികമായി വാക്സിൻ ലഭ്യമാക്കേണ്ടതുണ്ട്. പണം ഇല്ലാത്തതിന്‍റെ പേരിൽ ആർക്കും വാക്സിൻ നിഷേധിക്കപ്പെട്ടുകൂടെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.
വാക്സിൻ ലഭ്യമാക്കുന്നതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ് എന്ന തരത്തിലുള്ള പ്രസ്താവനകൾ സഹകരണാത്മക ഫെഡറലിസത്തിന്‍റെ അടിസ്ഥാന സങ്കല്പങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണ്. ഈ ഘട്ടത്തിൽ ഏറ്റവും അനിവാര്യം ആയിട്ടുള്ളത് സംസ്ഥാനങ്ങൾക്ക് ആവശ്യമായ അത്രയും വാക്സീൻ കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണം എന്ന സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യം സംയുക്തമായി മുന്നോട്ടുവെക്കുക എന്നതാണ്. ഇത് ചെലവ് കുറയ്ക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു.
Wrote to 11 CMs in the spirit of Cooperative Federalism. Quite unfortunate that Centre absolves itself of its duty to procure vaccines, ensure free universal vaccination. United effort to jointly pursue our genuine demand is the need of the hour, so that Centre acts immediately. pic.twitter.com/ILvEFYSpRu
— Pinarayi Vijayan (@vijayanpinarayi) May 31, 2021