'ഗോപാലേട്ടന്‍റെ പശുവില്ല, ആമിനത്താത്തയുടെ പൂവൻ കോഴിയില്ല': റിസൾട്ട് പ്രഖ്യാപിച്ചത് താനല്ലാത്തത് കൊണ്ട് 'ഇജ്ജാതി' ട്രോളുകളൊന്നുമില്ലെന്ന് പി.കെ അബ്ദുറബ്ബ്

'വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർത്ഥികളെ, നിങ്ങളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല'

Update: 2021-07-14 13:24 GMT
Editor : ijas
Advertising

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം കരസ്ഥമാക്കിയതില്‍ അഭിനന്ദനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്‍ലിം ലീഗ് എം.എല്‍.എയുമായിരുന്ന പി.കെ അബ്ദുറബ്ബ്. ഇത്തവണ എസ്.എസ്.എല്‍.സി വിജയശതമാനം പുറത്തുവന്നപ്പോള്‍ ഗോപാലേട്ടൻ്റെ പശുവോ, ആമിനത്താത്തയുടെ പൂവൻ കോഴിയോ, സ്കൂളിൻ്റെ ഓട് മാറ്റാൻ വന്ന ബംഗാളിയോ ഇല്ലെന്നും റിസൾട്ട് പ്രഖ്യാപിച്ചത് താനല്ലാത്തത് കൊണ്ടാണ് ഇജ്ജാതി ട്രോളുകളൊന്നുമില്ലാത്തതെന്നും അബ്ദുറബ്ബ് വിമര്‍ശിച്ചു. 2015ല്‍ അബ്ദുറബ്ബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ സമയത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 97.99 ശതമാനം വിജയമുണ്ടായപ്പോള്‍ ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നടക്കം വലിയ വിമര്‍ശനവും പരിഹാസവുമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നത്. ഇതിനെ വിമര്‍ശിച്ചാണ് അബ്ദുറബ്ബ് രംഗത്തുവന്നിരിക്കുന്നത്. 

2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട്  താന്‍ മന്ത്രിയായിരുന്ന കാലത്തും എസ്.എസ്.എല്‍.സി വിജയശതമാനം കൂടിക്കൂടി വന്നു. യു.ഡി.എഫിൻ്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക- ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി. 2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും ഉയരത്തിൽ തന്നെയായിരുന്നു. ഇപ്പോഴിതാ 2021ൽ 99.47 ശതമാനം പേരും എസ്.എസ്.എല്‍.സിക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു. വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ലെന്നും വിദ്യാർത്ഥികളുടെ മിടുക്കു കൊണ്ടാണെന്നും അവരുടെ വിജയത്തെ വില കുറച്ചു കാണുന്നില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.

പി.കെ അബ്ദുറബ്ബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

എസ്.എസ്.എല്‍.സി വിജയശതമാനം 99.47. ഗോപാലേട്ടൻ്റെ പശുവില്ല, ആമിനത്താത്തയുടെ പൂവൻ കോഴിയില്ല, സ്കൂളിൻ്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല. റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ല. 

2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും എസ്.എസ്.എല്‍.സി വിജയശതമാനം കൂടിക്കൂടി വന്നു.

  • 2012 ൽ 93.64%
  • 2013 ൽ 94.17%
  • 2014 ൽ 95.47 %
  • 2015 ൽ 97.99%
  • 2016 ൽ 96.59%

യു.ഡി.എഫിൻ്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി. 2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും ഉയരത്തിൽ തന്നെയായിരുന്നു.

  • 2017 ൽ 95.98%
  • 2018 ൽ 97.84%
  • 2019 ൽ 98.11%
  • 2020 ൽ 98.82%

ഇപ്പോഴിതാ 2021 ൽ 99.47% പേരും എസ്.എസ്.എല്‍.സിക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു. വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർത്ഥികളെ, നിങ്ങളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.

ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

Full View

Tags:    

Editor - ijas

contributor

Similar News