'മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല. ആര്‍.എസ്.എസുകാരൻ വെടിയുതിർത്തിട്ടാണ്; സുധാകരനെതിരെ പി.കെ അബ്ദുറബ്ബ്
കണ്ണൂരിൽ എം.വി.ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്‍റെ വിവാദ പ്രസ്താവന
കോഴിക്കോട്: ആര്‍.എസ്.എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ പ്രസ്താവനക്കെതിരെ ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ അബ്ദു റബ്ബ്. ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്‍.എസ്.എസുകാരൻ വെടിയുതിർത്തിട്ടാണെന്നും അബ്ദു റബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.
കണ്ണൂരിൽ എം.വി.ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്‍റെ വിവാദ പ്രസ്താവന. സംഘടനാ കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലത്താണ് സഹായം നൽകിയത്. എന്നാൽ ആർ.എസ്.എസ് രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പ്രസംഗം വിവാദമായതിന് പിന്നാലെ വീണ്ടും മാധ്യമങ്ങളെ കണ്ട സുധാകരൻ നിലപാടാവർത്തിച്ചു . പറഞ്ഞ കാര്യങ്ങൾ വസ്തുതയാണെന്നും രാഷ്ട്രീയ സത്യസന്ധത കൊണ്ടാണ് ഇക്കാര്യം തുറന്നു പറഞ്ഞതെന്നുമായിരുന്നു സുധാകരന്‍റെ വിശദീകരണം.
അബ്ദു റബ്ബിന്‍റെ കുറിപ്പ്
ആര്‍.എസ്.എസിന്‍റെ മൗലികാവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കാൻ, ആര്‍.എസ്.എസിന്‍റെ ശാഖകൾക്കു സംരക്ഷണം നൽകാൻ.. ആര്‍.എസ്.എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്കു വില കൽപ്പിച്ചിട്ടുണ്ടോ..! മത ന്യൂനപക്ഷങ്ങൾക്കും മർദ്ദിത പീഡിത വിഭാഗങ്ങൾക്കും ജീവിക്കാനും വിശ്വസിക്കാനും ആരാധിക്കാനും പ്രബോധനം ചെയ്യാനും ഇഷ്ടഭക്ഷണം കഴിക്കാനും വരെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയും അവരെ ഉൻമൂലനം ചെയ്യാൻ പദ്ധതിയിടുകയും ചെയ്യുന്ന ആര്‍.എസ്.എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണ്. ആര്‍.എസ്.എസ് അന്നും, ഇന്നും ആര്‍.എസ്.എസ് തന്നെയാണ്. 'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല. ആര്‍.എസ്.എസുകാരൻ വെടിയുതിർത്തിട്ടാണ്. അതെങ്കിലും മറക്കാതിരുന്നു കൂടെ.