കാരണോർക്ക് അടുപ്പിലുമാവാം; മാസ്കില്ലാതെ പരിപാടിയിൽ പങ്കെടുത്ത പൊലീസുകാർക്കെതിരെ അബ്ദുറബ്ബ്
ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, കമീഷണർ, എസ്.പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് ടെമ്പിൾ സ്റ്റേഷനിലിരുന്ന് യോഗത്തിൽ പങ്കെടുത്തത്
സംസ്ഥാനം സമ്പൂർണ ലോക്ഡൗണിലായിരുന്ന ശനിയാഴ്ച നടന്ന ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ ഉദ്ഘാടനത്തിൽ ഡി.ജി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ വിമർശിച്ച് മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്. വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വിവാഹത്തിലും സംസ്കാര ചടങ്ങുകളിലും 20 പേരിലധികം പേർ പങ്കെടുക്കരുതെന്ന് കർശന നിർദേശം നൽകുന്ന പൊലീസിന്റെ സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ ഒരു മുറിയിൽ തിങ്ങിക്കൂടിയത് 30ലധികം പേർ. ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, കമീഷണർ, എസ്.പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് ടെമ്പിൾ സ്റ്റേഷനിലിരുന്ന് യോഗത്തിൽ പങ്കെടുത്തത്. പലരും മാസ്ക് ഊരി കൈയിൽ വെച്ചിരിക്കുകയായിരുന്നു. ചില വനിത സി.പി.ഒമാരുടെ താടിയിലായിരുന്നു മാസ്ക്. സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ ഉദ്ഘാടനം നിശ്ചയിച്ചത് സംബന്ധിച്ചുതന്നെ ആക്ഷേപം ഉയർന്നിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
തൊട്ടടുത്തുള്ള മകൻ്റെ വീട്ടിലേക്കു നടന്നു പോകുന്ന വൃദ്ധസ്ത്രീയെ വരെ (അവരുടെ നിഷ്കളങ്കത ബോധ്യപ്പെട്ടിട്ടും) മാസ്കില്ലെന്ന കാരണം പറഞ്ഞ് ഒട്ടേറെ നേരം പീഢിപ്പിച്ച് വീഡിയോ വരെ ഷൂട്ട് ചെയ്ത നാട്ടിലാണിത്..!
വേലി തന്നെ വിള തിന്നുന്ന ഇത്തരം മാസ്കില്ലാ കാഴ്ചകൾക്കിടയിലും അധികാരിവർഗം മാസ്കിൻ്റെയും മറ്റും പേരിൽ തെരുവിൽ സാധാരണക്കാരൻ്റെ പോക്കറ്റ് പിഴിയുകയുമാണ്.
ഒരേ രാജ്യം, രണ്ടു നീതി.
കാരണോർക്ക് അടുപ്പിലുമാവാം.