കല്യാണം വിളിച്ചതും പന്തലൊരുക്കി സദ്യ വിളമ്പിയതും ലീഗ് പ്രവര്‍ത്തകര്‍, അതിഥിയായി കുഞ്ഞാലിക്കുട്ടി; ഗിരിജയുടെ വിവാഹം ആഘോഷമാക്കി ഒരു നാട്

ഗിരിജയുടെയും എടയൂർ സ്വദേശി ബാലന്‍റെ മകൻ രാജേഷിന്‍റെയും വിവാഹത്തിൽ പങ്കെടുക്കാനാണ് വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ കുഞ്ഞാലിക്കുട്ടി എത്തിയത്

Update: 2022-09-12 04:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലപ്പുറം: വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാർ ഷോർട്ട് സ്‌റ്റേ ഹോമിലെ ഗിരിജയുടെ വിവാഹം ആഘോഷമാക്കി നാട്ടുകാര്‍. കല്യാണം വിളിച്ചതും സദ്യ വിളമ്പിയതുമെല്ലാം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു. അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും എത്തിയിരുന്നു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും നവദമ്പതികളെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു. 

കുഞ്ഞാലിക്കുട്ടിയുടെ കുറിപ്പ്

വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാർ ഷോർട്ട് സ്റ്റേ ഹോമിലെ പാലക്കാട്ടുകാരി ഗിരിജയുടെ കഴുത്തിൽ വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് എടയൂരിലെ ബാലന്‍റെ മകൻ രാകേഷ് മിന്നു ചാർത്തി. വളരെ ചെറുപ്പത്തിൽ അമ്മയോടൊപ്പം റോസ് മനാറിലെത്തിയ ഗിരിജക്ക് പിന്നെ സ്വന്തക്കാരും ബന്ധുക്കളുമൊക്കെ ഈ നാട്ടുകാരായിരുന്നു. അവളുടെ കല്യാണം അവർ ആഘോഷപൂർവ്വം കൊണ്ടാടുന്ന കാഴ്ചക്ക് ക്ഷേത്ര സന്നിധിയിൽ സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവങ്ങളിലൊന്നായി.

കല്യാണം വിളിച്ചതും, ഒരുക്കിയതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്പിയതും വേങ്ങര മനാട്ടിപറമ്പിലെ മുസ്‍ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ. എല്ലാത്തിനും ചേർന്ന് നിന്ന് ക്ഷേത്ര ഭാരവാഹികൾ. സ്നേഹവും പിന്തുണയുമായി ഒരു നാട് മുഴുവൻ കൂടിയപ്പോൾ കല്യാണം ഗംഭീരമായി.

എന്‍റെ നാടിന്‍റെ നന്മ മുഴുവൻ തെളിഞ്ഞു കണ്ട സുന്ദര മുഹൂർത്തത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. സ്നേഹത്തോടെ രാകേഷ് ഗിരിജ ദമ്പതികൾക്ക് മംഗളാശംസകൾ നേരുന്നു. ഒപ്പം എന്‍റെ പ്രിയപ്പെട്ട മുസ്‍ലിം ലീഗ് പ്രവർത്തകരോടൊപ്പം അഭിമാനത്തോടെ ചേർന്ന് നില്‍ക്കുന്നു.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News