'അതൊക്കെ കൈയ്യില്‍ വെച്ചാല്‍ മതി, ജലീലിന്‍റെ ആരോപണം അവഗണിക്കേണ്ടത്': കുഞ്ഞാലിക്കുട്ടി

വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി.

Update: 2021-10-03 08:30 GMT
Advertising

മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി. ചില ആരോപണങ്ങൾ ഉന്നയിക്കുന്നവരെ തുടർച്ചയായി അവഗണിച്ചേ പറ്റുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

'ജലീലിന്‍റെ ആരോപണം അവഗണിക്കുന്നു. തുടർച്ചയായ ആരോപണങ്ങളിൽ ചിലത് തുടർച്ചയായി തന്നെ അവഗണിച്ചേ പറ്റൂ. കൂടുതല്‍ ഒന്നും പറയാനില്ല'

കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Full View

അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ജലീൽ നടത്തിയ പ്രതികരണത്തെ വിമർശിച്ചുകൊണ്ട് നേരത്തേ കെ.മുരളീധരനും എത്തിയിരുന്നു. കെ.ടി ജലീലിന്‍റെ സമനില തെറ്റിയെന്നും ജലീലിന്‍റെ വായില്‍ നിന്ന് വരുന്നതിനെ മൂക്കറ്റം അഴിമതിയിൽ മുങ്ങിയ ഒരാളുടെ ജൽപ്പന്നങ്ങളായി മാത്രം കണ്ടാൽ മതിയെന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം.

ജലീൽ നടത്തിയ ആരോപണം തരംതാണുപോയെന്നും മരണത്തെപോലും ദുരൂഹമാക്കാൻ ശ്രമിക്കുകയാണ് ജലീല്‍ ചെയ്യുന്നതെന്നും ആരോപിച്ച് എം.കെ മുനീറും രംഗത്തെത്തിയിരുന്നു. 

മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ എ.ആര്‍.നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു കെ.ടി.ജലീലിന്‍റെ പ്രസ്താവന. മീഡിയവണ്‍ ചീഫ് എഡിറ്റര്‍ പ്രമോദ് രാമനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജലീലിന്‍റെ ആരോപണം.എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്‍റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്നായിരുന്നു ജലീലിന്‍റെ ഗുരുതരമായ ആരോപണം.

Full View

തന്‍റെ പേരില്‍ താനറിയാതെ രണ്ടുകോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് മൗലവി തളര്‍ന്നുപോയതെന്നും ജലീല്‍ പറഞ്ഞു. തനിക്ക് പങ്കില്ലാത്ത ഒരു കാര്യത്തില്‍ തന്‍റെ പേര് ഉള്‍പ്പെട്ടതില്‍ മൗലവിക്ക് അതിയായ മാനസിക പ്രയാസമുണ്ടായിരുന്നെന്നും അതാണ് അദ്ദേഹത്തിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നും ജലീല്‍ പറയുന്നു.കഴിഞ്ഞ സെപ്റ്റംബര്‍ 24 നാണ് അബ്ദുല്‍ ഖാദര്‍ മൗലവി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെടുന്നത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് കണ്ണൂർ താണയിലെ വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞുവീണ മൗലവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഐസ് ക്രീം പാര്‍ലര്‍ കേസില്‍ സംഭവിച്ചതുപോലെ എ.ആര്‍.നഗര്‍ ബാങ്ക് കേസിലും ദുരൂഹമരണങ്ങള്‍ ഉണ്ടാകാമെന്ന് ആശങ്കപ്പെടുന്നതായും ജലീല്‍ വ്യക്തമാക്കി. മീഡിയ വണ്‍ 'എഡിറ്റോറിയല്‍' അഭിമുഖത്തിലാണ് രാഷ്ട്രീയ കേരളത്തില്‍ കോളിളക്കമുണ്ടാകാന്‍ സാധ്യതയുള്ള ജലീലിന്‍റെ ആരോപണങ്ങള്‍.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News