മലപ്പുറം പരാമർശം; 'പി.ആർ ഏജൻസി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് വിഷയത്തിൻ്റെ ഗൗരവം കൂട്ടുന്നു': പി.കെ കുഞ്ഞാലിക്കുട്ടി

'പി.ആർ ഏജൻസിയെ പഴിചാരുന്നതിൽ കാര്യമില്ല'

Update: 2024-10-01 13:01 GMT
Advertising

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മലപ്പുറം പരാമർശത്തിൽ പി.ആർ ഏജൻസിയെ പഴിചാരുന്നതിൽ കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. 'രാജ്യത്തെ തന്നെ വിഭജിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവന, അത് മുഖ്യമന്ത്രിയുടെ പേരിൽ നൽകിയ പി.ആർ ഏജൻസി. ഇത് വിഷയത്തിൻ്റെ ​ഗൗരവം വീണ്ടും വർധിപ്പിക്കുകയാണ്. പി ആർ ഏജൻസി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് വിഷയത്തിൻ്റെ ഗൗരവം കൂട്ടുന്നു'വെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'മുഖ്യമന്ത്രിക്ക് നാവുപിഴ വന്നതായിരുന്നുവെങ്കിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചാൽ പ്രശ്നം തീരുമായിരുന്നു. പക്ഷേ ഒരു പി.ആർ ഏജൻസി ചെയ്തതാണെന്നാണ് പറയുന്നത്. പി.ആർ ഏജൻസിയാണെന്ന് പറഞ്ഞ് മാറിനിന്നതുകൊണ്ടു കാര്യമില്ല, നടപടിയാണ് വേണ്ടത്. ഒരു ജനവിഭാ​ഗത്തെ തീവ്രവാദിയാക്കാനുള്ള ശ്രമം നടക്കുകയാണല്ലോ. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് വടകര തെരഞ്ഞെടുപ്പിൽ നാം കണ്ടതാണ്.'- കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

‍‌‌‌‌മുഖ്യമന്ത്രിയുടെ വിവാദമായ അഭിമുഖത്തിൽ ഖേദപ്രകടനവുമായി 'ദ ഹിന്ദു' പത്രം രം​ഗത്തെത്തിയിരുന്നു. മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയതാണെന്നാണ് വിശദീകരണം. കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും 'ദ ഹിന്ദു' പറയുന്നു.

അഭിമുഖം വിവാദമായതോടെ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് 'ദ ഹിന്ദു'വിന്റെ വിശദീകരണം. മുഖ്യമന്ത്രിയുമായി മാധ്യമപ്രവർത്തക ശോഭനാ നായർ നടത്തിയ അഭിമുഖത്തിൽ ഈ ഭാഗങ്ങൾ ഉണ്ടായിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശവും ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്ന പരാമർശവുമടക്കമുള്ള കാര്യങ്ങൾ അദ്ദേഹം പറഞ്ഞതല്ല.

അവ പിആർ ഏജൻസി എഴുതി നൽകിയതാണ് എന്നാണ് ദ ഹിന്ദു പത്രം പറയുന്നത്. ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തുന്നതിൽ വീഴ്ചയുണ്ടായെന്നും അത്തരത്തിൽ സംഭവിക്കാൻ പാടില്ലായിരുന്നെന്നും നിരുപാധികം മാപ്പ് പറയുന്നതായും വിശദീകരണത്തിൽ പറയുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News