'വിവാദങ്ങള്‍ സി.പി.എം സൃഷ്ടി'; എതിരാളികളുടെ കെണിയിൽ വീഴാതിരിക്കാൻ സംഘടനയിൽ അച്ചടക്കം അനിവാര്യമെന്ന് കുഞ്ഞാലിക്കുട്ടി
സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകൾക്കെതിരായ പ്രതിഷേധം മറി കടക്കാനാണ് സി.പി.എം ശ്രമമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
വിവാദങ്ങളെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനെതിരെ ആരോപണമുയർത്തി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങള്‍ സി.പി.എം സൃഷ്ടിയാണെന്നും സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകൾക്കെതിരായ പ്രതിഷേധം മറി കടക്കാനാണ് സി.പി.എം ശ്രമമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാർട്ടിയിലെ അഭിപ്രായവ്യത്യാസം സംബന്ധിച്ച ചർച്ച സജീവമായ സാഹചര്യത്തിലാണ് പുതിയ പ്രതിരോധവുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. സമുദായത്തിന്‍റെ അവകാശങ്ങൾക്കു വേണ്ടി ലീഗ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇത് പറയുമ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ രാഷ്ട്രീയ എതിരാളികൾ വിവാദങ്ങളുമായി രംഗത്തുവരും. അവർ തീർക്കുന്ന കെണിയിൽ വീഴാതെ സൂക്ഷിക്കുക എന്നത് പ്രധാനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്‍റലക്ച്വൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
അതേസമയം, മുഈനലി തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യുമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ മീഡിയവണ്‍ ചർച്ചയില്‍ പങ്കെടുക്കവെ പറഞ്ഞു. മുഈനലി തങ്ങളുടെ ആരോപണങ്ങള്‍ തെറ്റെന്ന് പറഞ്ഞ് തള്ളിയ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടില്‍ നിന്ന് വിരുദ്ധമാണ് കെ.എസ് ഹംസയുടെ പ്രതികരണം. മുഈനലിയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് പാർട്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന സൂചനയാണ് കെ.എസ് ഹംസ നല്‍കിയത്.