'അപ്പയുടെ ഗുണഗണങ്ങൾ പേറുന്ന പുത്രന്‍': ചാണ്ടി ഉമ്മന് ആശംസകളുമായി കുഞ്ഞാലിക്കുട്ടി

ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ലെന്ന് കുഞ്ഞാലിക്കുട്ടി

Update: 2023-08-08 15:44 GMT
Advertising

കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് ആശംസകളുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അപ്പയുടെ ഗുണഗണങ്ങൾ പേറുന്ന പുത്രന് പുതുപ്പള്ളിയുടെ സ്പന്ദനങ്ങളറിഞ്ഞു പ്രവർത്തിക്കാൻ സാധിക്കുമെന്ന് ഉറപ്പാണെന്ന് കുഞ്ഞാലിക്കുട്ടി ഫേസ് ബുക്കില്‍ കുറിച്ചു.

"പുത്രൻ പിതാവിന്റെ പൊരുളാണെന്ന് പഴമൊഴിയുണ്ട്. ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല. ഉമ്മൻ ചാണ്ടിയെന്ന മഹാ പ്രതിഭാസം തെളിച്ച വഴികളിലൂടെ അപ്പയുടെ ഗുണഗണങ്ങൾ പേറുന്ന പുത്രന് പുതുപ്പള്ളിയുടെ സ്പന്ദനങ്ങളറിഞ്ഞു പ്രവർത്തിക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. പുതുപ്പള്ളിയിൽ യു.ഡി.എഫ് ചരിത്ര വിജയം നേടും. ചാണ്ടി ഉമ്മന് ഹൃദയം നിറഞ്ഞ വിജയാശംസകൾ" എന്നാണ് കുഞ്ഞാലിക്കുട്ടി ഫേസ് ബുക്കില്‍ കുറിച്ചത്.

ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ചാണ്ടി ഉമ്മൻ അല്ലാതെ മറ്റൊരു സ്ഥാനാർഥിയില്ലെന്ന്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായിരിക്കും. ജനങ്ങളുടെ മനസ്സിൽ ഉമ്മൻചാണ്ടി വിശുദ്ധനായി കഴിഞ്ഞു. ജനമനസുകളെ സ്വാധീനിക്കുന്ന ഘടകമായി ഉമ്മൻചാണ്ടിയുടെ ഓർമകൾ മാറും. ചാണ്ടി ഉമ്മൻ വർഷങ്ങളായി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുന്ന നേതാവാണ്. വൻ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. മണ്ഡലവുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളാണ് ചാണ്ടി ഉമ്മനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 5ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 5നാണ്. വോട്ടെണ്ണല്‍ സെപ്തംബര്‍ 8ന് നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി ആഗസ്ത് 17 ആണ്. കോട്ടയം ജില്ലയില്‍ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നീണ്ട 53 വര്‍ഷം ഉമ്മന്‍ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി.

1970 മുതൽ 12 തവണ ഉമ്മന്‍ചാണ്ടി തുടർച്ചയായി വിജയിച്ചു വന്ന മണ്ഡലമാണ് പുതുപ്പള്ളി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി ജെയ്ക് സി തോമസിനെ 9,044 വോട്ടിനാണ് ഉമ്മൻചാണ്ടി തോൽപ്പിച്ചത്. 2016ലും ജെയ്ക് തന്നെയായിരുന്നു എതിർ സ്ഥാനാർഥി. അന്ന് 27,092 വോട്ടിനായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വിജയം.

ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മനാണെന്നും ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പറഞ്ഞു. ഇതോടെ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായിരുന്നു.

അതേസമയം ഉമ്മന്‍ചാണ്ടിയോട് കഴിഞ്ഞ തവണ വീറുറ്റ പോരാട്ടം കാഴ്ചവെച്ച ജെയ്ക് സി തോമസ് തന്നെ സി.പി.എം സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. പഞ്ചായത്തുകള്‍ തിരിച്ചുള്ള കണക്കില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് എല്‍.ഡി.എഫാണ്. രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് യു.ഡി.എഫിന് ഭരണമുള്ളത്. എന്നാല്‍ പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.


പുത്രൻ പിതാവിന്റെ പൊരുളാണെന്ന് പഴമൊഴിയുണ്ട്. ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന...

Posted by PK Kunhalikutty on Tuesday, August 8, 2023


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News