'ജീവിതം തീര്‍ന്നെന്നു കരുതി'; കടുവ ആക്രമിച്ചതിന്റെ നടുക്കം മാറാതെ പാലക്കാട്ടെ ടാപ്പിങ് തൊഴിലാളി ഹുസൈന്‍
നിലത്തുവീണപ്പോള്‍ കയ്യിലുണ്ടായിരുന്ന ബക്കറ്റ് കടുവയുടെ നേരെ വീശി. അതിന്റെ കണ്ണിന് എന്തോ പറ്റിയെന്ന് സംശയുണ്ട്. ബക്കറ്റ് വീശിയപ്പോള്‍ അത് പിന്തിരിഞ്ഞുപോവുകയായിരുന്നു.
കടുവ ആക്രമിച്ചതിന്റെ നടുക്കത്തില്‍ നിന്ന് ഇപ്പോഴും പാലക്കാട്ടെ ടാപ്പിങ് തൊഴിലാളിയായ ഹുസൈന്‍ മുക്തനായിട്ടില്ല. ശനിയാഴ്ച രാവിലെ റബ്ബര്‍ പാല്‍ ശേഖരിക്കുന്നതിനിടെയാണ് ഹുസൈനെ കടുവ ആക്രമിച്ചത്. ജോലിക്കിടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് കടുവയെ കണ്ടത്. പിന്തിരിഞ്ഞോടിയെങ്കിലും പിന്നാലെ ഓടിയ കടുവ ദേഹത്ത് ചാടി വീണ് ആക്രമിക്കുകയായിരുന്നു.
ജീവിതം തീര്‍ന്നെന്നാണ് കരുതിയതെന്ന് ഹുസൈന്‍ മീഡിയവണിനോട് പറഞ്ഞു. നിലത്തുവീണപ്പോള്‍ കയ്യിലുണ്ടായിരുന്ന ബക്കറ്റ് കടുവയുടെ നേരെ വീശി. അതിന്റെ കണ്ണിന് എന്തോ പറ്റിയെന്ന് സംശയുണ്ട്. ബക്കറ്റ് വീശിയപ്പോള്‍ അത് പിന്തിരിഞ്ഞുപോവുകയായിരുന്നു. പഞ്ചായത്ത് മെമ്പറും മറ്റു ജോലിക്കാരും എത്തിയാണ് ആശുപത്രിയിലെത്തിച്ചതെന്നും ഹുസൈന്‍ പറഞ്ഞു.
ഈ പ്രദേശത്ത് നേരത്തെയും വന്യമൃഗങ്ങളുടെ ശല്യമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒന്നരമാസം മുമ്പ് ഹുസൈന്റെ ബന്ധുവിന്റെ പശുവിനെ കടുവ പിടിച്ചിരുന്നു. പശുവിനെ കാണാതായി രണ്ട് ദിവസത്തിന് ശേഷം അതിന്റെ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. കടുവയുണ്ടെന്ന് പരാതി നല്‍കിയിട്ടും വനംവകുപ്പ് അധികൃതര്‍ നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.