ഷീന ഷുക്കൂറിന്‍റെ ഗവേഷണ പ്രബന്ധം കോപ്പിയടിയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ

ഡോക്ടറേറ്റോ പിജി ബിരുദമോ ഇല്ലാത്ത മുൻ ജസ്റ്റിസ്, ഷീന ഷുക്കൂറിനെ ഗൈഡ് ചെയ്തത് ചട്ടവിരുദ്ധമെന്നും ആരോപണം

Update: 2023-03-10 01:24 GMT

ഷീന ഷുക്കൂര്‍

Advertising

തിരുവനന്തപുരം: എം.ജി സർവകലാശാല മുൻ പി.വി.സി ഡോക്ടർ ഷീന ഷൂക്കൂറിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതെന്ന് പരാതി. ഡോക്ടറേറ്റോ പിജി ബിരുദമോ ഇല്ലാത്ത മുൻ ജസ്റ്റിസ്, ഷീന ഷുക്കൂറിനെ ഗൈഡ് ചെയ്തത് ചട്ടവിരുദ്ധമെന്നും ആരോപണമുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഗവർണർക്ക് പരാതി നൽകി.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എം.ജി സർവകലാശാല പ്രൊ-വൈസ് ചാൻസിലറായി നിയമിക്കപ്പെട്ട ഷീന ഷുക്കൂർ നിലവിൽ കണ്ണൂർ സർവകലാശാല നിയമ പഠന വകുപ്പ് മേധാവിയാണ്. യു.ജി.സി അംഗീകരിച്ച ടേണിറ്റിൻ സോഫ്റ്റ്‌വെയറിൽ പരിശോധിച്ചപ്പോൾ 60 ശതമാനം കോപ്പിയടി നടന്നതായി കണ്ടെത്തിയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നു.

"കേരളത്തിലെയും ലക്ഷദ്വീപിലെയും മുസ്‌ലിം കുടുംബ നിയമത്തിന്റെ സാധുതയും പ്രയോഗവും" എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഷീനയുടെ ഗവേഷണ പ്രബന്ധം. എന്നാൽ പ്രബന്ധത്തിന്റെ നാലാം ചാപ്റ്ററിൽ മദ്രാസ് യൂണിവേഴ്സിറ്റിയിലെ കെ. ശ്രീധരവാര്യർ 1969ൽ പ്രസിദ്ധീകരിച്ച 'മരുമക്കത്തായം അലൈഡ് സിസ്റ്റം ഓഫ് ലോ' എന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ അപ്പാടെ പകർത്തിയതായി പരാതിയിൽ പറയുന്നു.

തമിഴ്നാട് അംബേദ്കർ സർവകലാശാല ഷീനാ ഷുക്കൂറിനു 2009ലാണ് പി.എച്ച്.ഡി ബിരുദം നൽകി. മുൻ ഹൈക്കോടതി ജസ്റ്റിസ് അബ്ദുല്‍ ഗഫൂറിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ഡോക്ടറേറ്റോ പിജി ബിരുദമോ ഇല്ലാത്ത ജസ്റ്റിസ് ഗഫൂർ എങ്ങനെ ഷീനയുടെ ഗൈഡ് ആയി എന്ന ചോദ്യവും പരാതിക്കാർ ഉന്നയിക്കുന്നു. പ്രബന്ധം വിദഗ്ധസമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർക്ക് നിവേദനം നൽകിയത്.


Full View





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News